റിയാദ്: റിയാദ് മെട്രോയുടെ ഗ്രീൻ ട്രാക്കിലെ മിനിസ്ട്രി ഓഫ് ഫിനാൻസ് സ്റ്റേഷൻ (ബത്ഹ സൗദി പോസ്റ്റ് ഓഫീസ്) ഇന്ന് മുതൽ പ്രവർത്തനം തുടങ്ങി. രാവിലെ മുതൽ മെട്രോ ഇവിടെ നിന്ന് സർവീസ് തുടങ്ങി. സുലൈമാനിയ ഭാഗത്ത് നിന്ന് കിംഗ് അബ്ദുൽ അസീസ് റോഡിന് സമാന്തരമാണ് ഗ്രീൻ മെട്രോ സർവീസ് നടത്തുന്നത്.
ഇതുവരെ കിംഗ് അബ്ദുൽ അസീസ് ഐ ഹോസ്പിറ്റൽ വരെ മാത്രമേ ഗ്രീൻ മെട്രോ ഓടിയിരുന്നുള്ളൂ. ബത്ഹയിൽ ഈ മെട്രോ മ്യൂസിയം സ്റ്റേഷനുമായാണ് ബന്ധിപ്പിക്കുന്നത്. എന്നാൽ ഈ സ്റ്റേഷൻ്റെ പ്രവർത്തനം അടുത്താഴ്ചയാണ് ആരംഭിക്കുക.
അതേസമയം റിയാദ് മെട്രോക്ക് സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. രാവിലെയും വൈകുന്നേരവും യാത്രക്കാരുടെ ബാഹുല്യമുണ്ട്. നഗരത്തിന്റെ ഗതാഗതക്കുരുക്കിന് ഏറെക്കുറെ ഈ സർവീസ് പരിഹാരമാവുമെന്നാണ് വിലയിരുത്തൽ.



