രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്; ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ തീരുമാനം

രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി ഇന്ത്യാ സഖ്യയോഗം തിരഞ്ഞെടുത്തു. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നല്‍കി.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ടു പ്രവർത്തകസമിതിയും ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

ഒറ്റയ്ക്ക് 99 സീറ്റ് നേടിയ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നത് പത്ത് വർഷത്തിനിടെ ഇതാദ്യമായാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന ഒറ്റവരി പ്രമേയം കോണ്‍ഗ്രസ് പാസാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് ആയില്ലെങ്കില്‍ ഉത്തരവാദിത്തങ്ങളേല്‍ക്കാൻ രാഹുല്‍ വിമുഖത കാട്ടുന്നുവെന്ന ആക്ഷേപം ശക്തമാകുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.

പ്രതിപക്ഷ നിരയിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു കക്ഷിക്കും 10 ശതമാനം സീറ്റ് സ്വന്തമാക്കാൻ കഴിയാത്തതിനാല്‍ 2014 മുതല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. 2014ല്‍ കോണ്‍ഗ്രസ് വിജയിച്ച ആകെ സീറ്റുകള്‍ 44 ആയി ചുരുങ്ങിയിരുന്നു. 2019ല്‍ 54 സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്.

രാഷ്ട്രീയത്തില്‍ രാഹുല്‍ എത്തിയിട്ട് 20 വർഷം പിന്നിടുന്നു. 2019ലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു പാർട്ടി പ്രസിഡന്റ് പദം രാഹുല്‍ ഒഴിഞ്ഞിരുന്നു. പാർട്ടി വിട്ടവരെ അവഗണിച്ചും ഒപ്പം നിന്നവരെ ചേർത്തുപിടിച്ചുമായിരുന്നു പിന്നീടുള്ള വർഷങ്ങളില്‍ രാഹുലിന്റെ പോരാട്ടം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയില്‍ 3,90,030 വോട്ടുകള്‍ക്കും വയനാട്ടില്‍ 3,64,422 വോട്ടുകള്‍ക്കുമാണ് രാഹുല്‍ വിജയിച്ചത്. വടക്കേ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു.