മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് (92) അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.

2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് 2024ല്‍ 33 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 1991 ജൂണില്‍ ധനമന്ത്രിയായി. രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശവും 1991ലായിരുന്നു.

ഉപരിസഭയില്‍ അദ്ദേഹം അഞ്ച് തവണ അസമിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. 2019ല്‍ രാജസ്ഥാനിലേക്ക് മാറി.

നോട്ട് നിരോധനത്തിനെതിരായായിരുന്നു അദ്ദേഹത്തിന്റെ അവസാന ഇടപെടല്‍. ‘സംഘടിതവും നിയമവിധേയമാക്കപ്പെട്ടതുമായ കൊള്ള’ എന്നായിരുന്നു അദ്ദേഹം നോട്ട് നിരോധനത്തിന് നല്‍കിയ വിശേഷണം.

1932ല്‍ പഞ്ചാബിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് ഈ വര്‍ഷം ആദ്യം രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും സിംഗ് സേവനമനുഷ്ഠിച്ചു. 2004 മെയ് 22 നും, 2009 മെയ് 22 നും പ്രധാനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

33 വര്‍ഷം മുമ്പ്, 1991 ലാണ് സിംഗ് രാജ്യസഭയില്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. നാലുമാസം ഉപരിസഭയില്‍, ജൂണില്‍ പിവി നരസിംഹറാവു സര്‍ക്കാരിന്റെ കീഴില്‍ കേന്ദ്ര ധനമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

കുറ്റമറ്റ ഒരു അക്കാദമിക് റെക്കോര്‍ഡോടെ തുടങ്ങി ബിഎയിലും എംഎയിലും പഞ്ചാബ് സര്‍വ്വകലാശാലയില്‍ ഒന്നാമതെത്തി. കേംബ്രിഡ്ജിലേക്ക് മാറി, ഒടുവില്‍ ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ഡി ഫില്‍ നേടി. ഇന്ത്യയെ സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവയിലേക്ക് നയിച്ചത് മന്‍മോഹന്‍ സിംഗ് ആണ്.

വാക്കുകളിലെ മൃദുലത, നിലപാടുകളിലെ വ്യക്തത..അതായിരുന്നു ഡോ. മൻമോഹൻ സിംഗ്. ഉറച്ച കോൺഗ്രസ്സുകാരൻ, സൗമ്യൻ, മൃദുഭാഷി എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം.

‘മാറ്റത്തിന്റെ സമയമടുത്താൽ അതിനെ തടുക്കാൻ ഒരു ശക്തിക്കുമാകില്ല’

ഇന്ത്യൻ സാമ്പത്തിക മേഖലയുടെ ഗതി തന്നെ മാറ്റിയ 1991ലെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് ഡോ. മൻമോഹൻ സിംഗ് പറഞ്ഞ വാക്കുകളാണിത്. രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധി നേരിട്ടിരുന്ന സമയമായിരുന്നു അത്. വിദേശ നാണ്യ ശേഖരത്തിൽ ഇന്ത്യ ഏറെ താഴേക്ക് പതിക്കുകയും, രാജ്യത്തിന്റെ പൊതു കടം മൊത്തം ജിഡിപിയുടെ അമ്പത് ശതമാനത്തോളമായി ഉയരുകയും ചെയ്തു.

വിലക്കയറ്റം അതിരൂക്ഷമായി. നിക്ഷേപകർ കൂട്ടമായി പണം പിൻവലിച്ചുതുടങ്ങി. എങ്ങിനെയെങ്കിലും ഈ പ്രതിസന്ധിയെ മറികടക്കണമെന്ന് തീരുമാനിച്ചുറപ്പിച്ച അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു സാമ്പത്തിക വിദഗ്ധനായ മൻമോഹൻ സിംഗിനെ ഈ ദൗത്യം ഏൽപിക്കുകയായിരുന്നു.
അന്നുവരെ രാജ്യം കൈകൊണ്ട എല്ലാ സാമ്പത്തിക നയങ്ങളെയും തകിടം മറിച്ചുകൊണ്ടായിരുന്നു മൻമോഹൻ സിംഗ് രാജ്യത്തെ സാമ്പത്തികമുറിവുകളിൽ മരുന്ന് പുരട്ടിയത്. ‘മാറ്റത്തിന്റെ സമയമടുത്താൽ അതിനെ തടുക്കാൻ ഒരു ശക്തിക്കുമാകില്ല’ എന്നുപറഞ്ഞ് സിങ് അവതരിപ്പിച്ച ആ ബജറ്റ് ഇന്ത്യയെന്ന വിപണിയെ ലോകത്തിനുമുൻപിൽ വിശാലമായി തുറന്നുവെച്ചു. ലോകത്തെ സുപ്രധാന ശക്തിയായി ഇന്ത്യ മാറുമെന്ന് കട്ടായം പറഞ്ഞ്, രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ മൻമോഹൻ സിങ് സ്വന്തം കാലിൽ ഭദ്രമാക്കി നിർത്തിയെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറയാം.