വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബീഹാറിലേക്ക് മാറ്റം. നിലവില്‍ ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറാകും. ആര്‍എസ്എസ് പശ്ചാത്തലമുളള അര്‍ലേകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്.

◾ പാലക്കാട് ജില്ലയിലെ തത്തമംഗലം ചെന്താമര നഗര്‍ ജി.ബി യു പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ പുല്‍ക്കൂട് നശിപ്പിക്കപ്പെട്ട സംഭവത്തിലും, നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ നടന്ന അക്രമ സംഭവങ്ങളിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസയച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദ് ആവശ്യപ്പെട്ടു.

◾ തൃശൂര്‍ ചാവക്കാട് പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. പള്ളി വളപ്പില്‍ കരോള്‍ ഗാനം മൈക്കിലൂടെ പാടാന്‍ പൊലീസ് അനുവദിച്ചില്ലെന്ന് പള്ളിക്കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. മൈക്ക് കെട്ടി കരോള്‍ പാടിയാല്‍ എല്ലാം പിടിച്ചെടുക്കുമെന്നും തൂക്കിയെടുത്ത് എറിയുമെന്നും ചാവക്കാട് എസ്.ഐ വിജിത്ത് ഭീഷണിപ്പെടുത്തിയെന്നും ചരിത്രത്തില്‍ ആദ്യമായി കരോള്‍ ഗാനം പള്ളിയില്‍ മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു.

◾ സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനവും ഉണ്ടാകാന്‍ പാടില്ല. കഴിഞ്ഞദിവസം ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് മന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

◾ വാളയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ.സോജന് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരായ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. വാളയാറില്‍ മരിച്ച സഹോദരികളുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് ഹൈക്കോടതി തീരുമാനമെടുത്തത്. എംജെ സോജന് കണ്‍ഫേര്‍ഡ് ഐ.പി.എസ് കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സത്യസന്ധതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

◾ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ‘ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്‍മണി’ എന്ന ആശയത്തിലാണ് ആഘോഷ പരിപാടി.

◾ എന്‍സിസി ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ക്യാമ്പിന് രണ്ട് ദിവസത്തെ അവധി നല്‍കിയതിനുശേഷം ഡിസംബര്‍ 26 ന് പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

◾ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപദ്ധതി നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികള്‍ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

◾ സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരില്‍ വച്ച് നാളെ വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. നിലവില്‍ 189 സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

◾ സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്.

◾ കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജമോള്‍, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയ് എന്നിവര്‍ക്കെതിരെയാണ് ചുമത്തിയത്. മൂവരെയും ഇന്നലെ സഹകരണ സൊസൈറ്റിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.

◾ കൊല്ലം നിലമേലില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. ബസിന് പിന്നാലെയെത്തിയ ഓട്ടോറിക്ഷയും അപകടത്തില്‍പെട്ടു. കാര്‍ യാത്രികരായിരുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കെഎസ്ആര്‍ടിസി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ ഡോക്ടര്‍ ആശാദേവി കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റു. സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയതോടെയാണ് ആശാദേവി ചുമതലയേറ്റത്. ഡിസംബര്‍ 9 ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവുകളെല്ലാം അതേപടി നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവരുന്ന കസേരകളിക്കാണ് പരിഹാരമുണ്ടായിരിക്കുന്നത്. ഡോ. രാജേന്ദ്രന്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം തിരുവനന്തപുരം ഡയറക്.ടറേറ്റിലേക്ക് പോകും

◾ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവം അന്തര്‍ സംസ്ഥാന തര്‍ക്കം ആക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. കേരളത്തിനും തമിഴ്‌നാടിനുമാണ് നിര്‍ദേശം. മാലിന്യം തമിഴ്‌നാട്ടില്‍ തള്ളിയവര്‍ക്കെതിരെ നടപടി എടുത്ത് ജനുവരി രണ്ടിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട ട്രൈബ്യൂണല്‍, മാലിന്യം ചെക് പോസ്റ്റുകള്‍ കടക്കുന്നത് എങ്ങനെയെന്ന് തമിഴ്‌നാടിനോടും ചോദിച്ചു.

◾ പിഎസ്സി ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ സൈബറിടത്തില്‍ ചോര്‍ന്നതു സംബന്ധിച്ച വാര്‍ത്ത എഴുതിയ ‘മാധ്യമം’ ലേഖകന്‍ അനിരു അശോകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിലും വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നതിലും പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ഡിജിപി ഓഫിസിലേക്കു മാര്‍ച്ച് നടത്തി. പിണറായി സര്‍ക്കാര്‍ ഫാഷിസ്റ്റ് സര്‍ക്കാരായി മാറുന്നതു കൊണ്ടാണ് പൊലീസിന്റെ മാധ്യമവേട്ടയെ ശക്തിയായി നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കാത്തതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു.

◾ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിച്ച സാരികള്‍ ലേലവിലയിടാതെ വില്‍പ്പന നടത്തിയെന്ന് ഓഡിറ്റര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തു.സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയുമായി മുന്നോട്ട് പോവാനാണ് ദേവസ്വം തീരുമാനം.

◾ ആറാട്ടുപുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയന്‍ചിറ സ്വദേശി കാര്‍ത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്. വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്. വീട്ടുമുറ്റത്തിരിക്കുകയായിരുന്നു ഇവരെ നായ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.

◾ കൊച്ചിയിലെ അനാശാസ്യകേന്ദ്ര നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക്കിലെ എ.എസ്.ഐ രമേഷ്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തല്‍.തുടര്‍ന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.

◾ 2040-ഓടെ ചന്ദ്രനില്‍ ബഹിരാകാശ യാത്രികരെ ഇറക്കാനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് രൂപം നല്‍കിയതായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ എസ്. സോമനാഥ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ചന്ദ്രനില്‍ ഇന്ത്യന്‍ പതാക പറക്കും എന്നും അദ്ദേഹം പറഞ്ഞു.

◾ 1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി വരുത്തിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുജനാഭിപ്രായമില്ലാതെ ഏകപക്ഷീയമായി മാറ്റങ്ങള്‍ നടപ്പിലാക്കിയെന്നും ജയറാം രമേഷ് കുറ്റപ്പെടുത്തി.

◾ ബലാത്സംഗം, ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, പോക്‌സോ കേസുകളില്‍ അതിജീവിച്ചവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സക്ക് അര്‍ഹതയുണ്ടെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. അതിജീവിതര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും കോടതിയുടെ നിര്‍ദ്ദേശം പാലിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് അമിത് ശര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

◾ ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് 5 സൈനികര്‍ക്ക് വീരമൃത്യു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ ബല്‍നോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 11 മദ്രാസ് ലൈറ്റ് ഇന്‍ഫന്ട്രിയുടെ ഭാഗമായ സൈനികര്‍ ആസ്ഥാനത്ത് നിന്നും ബല്‍നോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്.

◾ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സര്‍ക്കാര്‍ പരിഹരിച്ചെന്നും റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞെന്നും കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ. ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

◾ ഇരുപത്തിയഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം ക്രിസ്മസ് കുര്‍ബാന മധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11.30ഓടെയാണ് വിശുദ്ധ കവാടം തുറക്കുന്ന ചടങ്ങ് നടന്നത്. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷാചരണത്തിന് തുടക്കമായി. ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ഇന്ന് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ വാതില്‍ തുറക്കും. ഒരു കാരാഗൃഹത്തില്‍ വിശുദ്ധവാതില്‍ മാര്‍പ്പാപ്പ തുറക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

◾ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം. രണ്ടാം ഏകദിനത്തില്‍ 115 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യന്‍ വനിതകള്‍ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ 103 പന്തില്‍ 115 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോളിന്റെ കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 46.2 ഓവറില്‍ 243ന് എല്ലാവരും പുറത്തായി.

.