വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തില്‍ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് ലീഗ്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് ഡിജിപിക്ക് പരാതി നല്‍കിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്കയും ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന.

◾ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി മറയ്ക്കാനെന്ന് എസ് എഫ് ഐഒ ദില്ലി ഹൈക്കോടതിയില്‍. എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് ആരോപണമുന്നയിച്ചത്. സിഎംആര്‍എല്ലിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും എസ് എഫ് ഐ ഒ ചൂണ്ടിക്കാട്ടി. വാദങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ എഴുതി നല്കാന്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

◾ വയനാട് ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് വിജയം സംബന്ധിച്ചുള്ള സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമര്‍ശത്തില്‍ ബിജെപിക്ക് സംശയമില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. എന്നാല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കൊടിപിടിക്കുന്നയാളാണ് വിജയരാഘവനെന്നും അത് പറയാന്‍ എന്ത് അര്‍ഹതയാണുള്ളതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

◾ നവകേരള സദസ് സമ്പൂര്‍ണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം. ആഭ്യന്തര വകുപ്പാണ് സര്‍ക്കാരിന് കൂടുതല്‍ ചീത്തപ്പേരുണ്ടാക്കുന്നതെന്നും ഏരിയ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. നിലവിലെ രീതി പിന്തുടര്‍ന്നാല്‍ അടുത്തകാലത്തൊന്നും പാലക്കാട് മണ്ഡലം സിപിഎമ്മിന് തിരികെപ്പിടിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഏരിയ കമ്മിറ്റി അംഗം ഷുക്കൂര്‍ നടത്തിയ അപ്രതീക്ഷിത നീക്കം തിരിച്ചടിയായിയെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

◾ കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണ സംഘം ആത്മഹത്യ പ്രേരണ കുറ്റം ചുമത്താത്തതില്‍ പ്രതിഷേധം ശക്തം. കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിയുടെയും മൊഴിയെടുപ്പ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു. വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി 27 ന് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. അതേസമയം സംഭവത്തില്‍ സിപിഎം സാബു തോമസിന്റെ കുടുംബത്തിനൊപ്പമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു.

◾ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തില്‍പ്പെട്ടു. വെഞ്ഞാറമൂട് പള്ളിക്കലില്‍ വെച്ച് കമാന്‍ഡോ വാഹനത്തിന് പിന്നില്‍ ലോക്കല്‍ പോലീസിന്റെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കടക്കല്‍ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.

◾ ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യത്യസ്ത കേസുകളില്‍ നടന്‍മാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. നടന്‍ മുകേഷിനെതിരായ ലൈംഗിക പീഡന കേസില്‍ വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ കൊച്ചി നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവിനെതിരായ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.

◾ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നുള്ള വിമാന സര്‍വീസ് എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് പുതുച്ചേരിയില്‍ നിന്ന് ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും സര്‍വ്വീസ് നടത്തുക.

◾ തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണത്തിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. എന്നാല്‍ എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ എല്‍ഡിഎഫും യുഡിഎഫും അവിശ്വാസത്തില്‍ നിന്നും വിട്ടുനിന്നു. ബിജെപിയുടെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കാതെ, നഗരസഭയിലെ എല്‍ഡിഎഫ് ഭരണത്തിനെതിരെ യുഡിഎഫ് കൗണ്‍സലര്‍മാര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെയാണ് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്.

◾ നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോള്‍ തന്നെ ജനങ്ങള്‍ കെ കരുണാകരനെ ഓര്‍മ്മിക്കുമെന്ന് കെ മുരളീധരന്‍. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തുകയും, കേരളത്തില്‍ ഒട്ടേറെ വികസനങ്ങള്‍ കൊണ്ടുവരികയും ചെയ്ത നേതാവാണ് കെ കരുണാകരനെന്ന് കെ മുരളീധരന്‍ അനുസ്മരിച്ചു. കെ കരുണാകരന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ വനനിയമ ഭേദഗതിയില്‍ എല്‍ഡിഎഫില്‍ കടുത്ത ഭിന്നത. കര്‍ഷകവിരുദ്ധമായ ഭേദഗതികളിലെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച് കേരള കോണ്‍ഗ്രസ്. മുഖ്യമന്ത്രിയോട് ആശങ്കകള്‍ പങ്കുവെച്ചെന്ന് ജോസ് കെ മാണിയും മാധ്യമങ്ങളോട് പ്രതികരിച്ചു. ശശീന്ദ്രന് നേരം വെളുത്തില്ലെന്നും ബില്‍ പാസ്സാക്കിയാല്‍ വലിയ പ്രതിഷേധമുണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. പ്രതിപക്ഷത്തിന്റെയും ക്രൈസ്തവ സഭകളുടേയും കടുത്ത എതിര്‍പ്പിനിടെ കേരള കോണ്‍ഗ്രസ്സും പരസ്യമായി വിമര്‍ശിച്ചതാണ് പ്രശ്നം.

◾ സര്‍ക്കാര്‍ തീരുമാനങ്ങളുടെ കാതല്‍ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ഓര്‍മപ്പെടുത്തുകയും ഭരണത്തിന്റെ ഗുണ ഫലങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുകയും ചെയ്യുകയുമാണ് അദാലത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂര്‍ താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾ കാസര്‍കോട് മൊഗ്രാലില്‍ അബ്ദുല്‍ സലാമിനെ കഴുത്തറുത്ത് കൊന്ന കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമര്‍ ഫാറൂഖ്, പെര്‍വാഡിലെ സഹീര്‍, പേരാല്‍ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്.

◾ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് തത്തമംഗലം ചെന്താമരനഗര്‍ ജി.ബി.യു.പി. സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ. യു.പി.സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ചിറ്റൂര്‍ മേഖലയിലെ തന്നെ മറ്റൊരു സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്തനിലയില്‍ കണ്ടെത്തുന്നത്.

◾ ഏഴുലക്ഷത്തിലേറെപ്പേര്‍ക്ക് അന്നമേകി ദേവസ്വം ബോര്‍ഡിന്റെ സന്നിധാനത്തെ അന്നദാനമണ്ഡപം. ശബരീശ സന്നിധിയിലെ അന്നദാനത്തിന് ലോകമെമ്പാടുമുള്ള ഭക്തരില്‍നിന്ന് ഇക്കുറി ഓണ്‍ലൈനായി ലഭിച്ച സംഭാവന 2.18 കോടി രൂപയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

◾ കോഴിക്കോട് വടകര കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിന്റ മുന്നില്‍ സ്റ്റെപ്പിലും പിന്‍ഭാഗത്തുമായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു വാഹനം. കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.

◾ എറണാകുളം കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത 75 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് കുട്ടികള്‍ ചികിത്സ തേടിയത്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

◾ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന വേദിക്കരികില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊളളലേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തിയത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

◾ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം. രണ്ട് യാത്രക്കാര്‍ തമ്മില്‍ ആരംഭിച്ച വാക്പോര് ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഞായറാഴ്ച രാവിലെ 7.35ഓടെ കോപ്പന്‍ഹേഗന്‍-ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും എന്നാല്‍ പിന്നീട് അത് വളരെ സൗഹാര്‍ദ്ദപരമായി പരിഹരിച്ചെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

◾ സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ ആരും കുറ്റപ്പെടുത്തരുതെന്നും കേസ് പിന്‍വലിക്കാന്‍ തയാറാണെന്നും മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍. ഡിസംബര്‍ 4ന് നടന്ന സംഭവത്തില്‍ രേവതിയുടെയും ഭാസ്‌കറിന്റെയും മകന്‍ ശ്രീ തേജിനും പരുക്കേറ്റിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച ശ്രീ തേജ് വെന്റിലേറ്റര്‍ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന്റെ പിറ്റേ ദിവസം മുതല്‍ അല്ലു അര്‍ജുന്‍ ഞങ്ങളുടെ കുടുംബത്തിന് എല്ലാ സഹായവുമായി ഒപ്പമുണ്ടെന്നും ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് ഞങ്ങളുടെ ദുര്‍വിധിയാണെന്നും ഭാസ്‌കര്‍ പറഞ്ഞു.

◾ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യന്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുന്‍ ജഡ്ജിയാണ് രാമസുബ്രഹ്‌മണ്യന്‍. .

◾ കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒന്‍പത് അയ്യപ്പഭക്തര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സായിനഗറില്‍ ക്ഷേത്രത്തിലെ മുറിയില്‍ കിടന്ന് ഭക്തര്‍ ഉറങ്ങുമ്പോഴായിരുന്നു സംഭവം.

◾ രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്നത് സംബന്ധിച്ച 2010ലെ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍. 5, 8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പതിവായി പരീക്ഷകള്‍ നടത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്നതാണ് പുതിയ ഭേദഗതി. ഇതുവരെ നിലവിലുണ്ടായിരുന്ന നോ-ഡിറ്റന്‍ഷന്‍ നയത്തിലെ മാറ്റമാണ് ശ്രദ്ധേയം.

◾ മുന്‍ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ദില്ലി കോടതി തള്ളി. അറസ്റ്റില്‍ നിന്നുള്ള ഇടക്കാല സംരക്ഷണവും കോടതി റദ്ദ് ചെയ്തു പൂജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു. നിയമനത്തില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് പൂജയുടെ ഐഎഎസ് യുപിഎസ്സി റദ്ദാക്കിയിരുന്നു.

◾ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്. നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ നിലപാട്.