പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍. സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജാമ്യം കിട്ടിയിറങ്ങിയാലുടന്‍ ക്രിസ്തുമസ് കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തുന്നതാണ്. എന്നായിരുന്നു പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
വിഷയത്തില്‍ മറ്റൊരു പ്രതികരണം കൂടി സന്ദീപ് നടത്തിയിട്ടുണ്ട്. പാലക്കാട് സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയാണ്. ഈ നേരം വരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ഈ അതിക്രമത്തെ തള്ളിപ്പറഞ്ഞിട്ടില്ല.
അതായത് മൗനം സമ്മതമാണ്. ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുക, അവരുടെ ആഘോഷങ്ങളെ തടയുക, അവരുടെ വിശ്വാസങ്ങളെ അവമതിക്കുക. എന്നിട്ട് നാണമില്ലാതെ ക്രൈസ്തവ വോട്ട് തട്ടാന്‍ കപട നാടകം കളിക്കുക. ഇതാണ് ബിജെപി – സന്ദീപ് കുറിച്ചു.
നല്ലേപ്പിള്ളി ഗവ: യുപി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്പോഴാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവര്‍ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി.
നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം എല്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തു.
കഴിഞ്ഞ ദിവസം സ്കൂളിൽ കരോൾ ആഘോഷം സംഘടിപ്പിച്ചതിന്റെ പേരിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഎച്ച്പി പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
ഇതിൽ പതിക്ഷേധം രേഖപ്പെടുത്തി രാഷ്ട്രിയ യുവജന സംഘടനകൾ രംഗത്ത് എത്തിയിരുന്നു.



