ദൈവനാമം വിശുദ്ധീകരിക്കാനുള്ള നിയോഗമാണ് മനുഷ്യൻേറത്: വി.ഡി.സതീശൻ

എല്ലാവരും ഒത്തുചേർന്നു, ഐപിസി നെടുംപുറം ഗോസ്പൽ സെൻ്ററിൽ. ധന്യതയുടെ ശുഭ സായംസന്ധ്യയിൽ ക്രൈസ്തവ ചിന്തയുടെ അവാർഡ് പവ്വർ വിഷൻ ചെയർമാൻ കെ.സി ജോണിന് സമ്മാനിച്ചു.

അവാർഡ് തുകയായ ഒരു ലക്ഷം രൂപയുടെ ചെക്ക് പാസ്റ്റർ സാം ജോർജ് കെ.സി ജോണിന് കൈമാറുന്നു

പ്രശസ്തി പത്രം അടങ്ങുന്ന അവാർഡ് പ്രൗഢഗംഭീരമായ സദസ്സിൽ വച്ച് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമ്മാനിച്ചത്. ഒരു ലക്ഷം രൂപ പാസ്റ്റർ സാം ജോർജ് സമ്മാനിച്ചു.

ജീവകാരുണ്യ പ്രവർത്തകനും മനുഷ്യസ്നേഹിയും അതിലുപരി സുവിശേഷ പ്രവർത്തകനുമായിരുന്ന വി.എം മാത്യുവിൻെറ ഓർമ്മകൾ നിലനിർത്താനാണ് ഈ അവാർഡ്’ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ അവാർഡ് കെ.സി ജോണിന് സമ്മാനിക്കുന്നതോടുകൂടി ഈ അവാർഡിൻെറ പ്രാധാന്യം കുറേക്കൂടി വർദ്ധിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വി എം മാത്യു പുരസ്കാരം കെ.സി ജോണിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രസംഗം

കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ക്രിസ്തുവിൻെറ മാർഗത്തിലൂടെ സഞ്ചരിച്ച്, ജീവിതം ക്രിസ്തുവിൽ സമർപ്പിച്ച ക്രൈസ്തവ സന്ദേശം ലോകമെമ്പാടുമുള്ള മനുഷ്യരുടെ മനസ്സിലേക്ക് സന്നിവേശിപ്പിക്കാനുള്ള നിരന്തരമായ യാത്രയിലായിരുന്നു റവ. കെ സി ജോണിൻ്റേത്. ആ യാത്രയിൽ ഒരുപാട് തടസ്സങ്ങളും ഒരുപാട് പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട്. ക്രൈസ്തവ സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് എല്ലാവർക്കും ഉണ്ടാകുന്നതു പോലെയുള്ള പ്രതിസന്ധികൾ എല്ലാം ഉണ്ടായിട്ടും ദൈവാനുഗ്രഹത്തോടെ ആ പ്രതിസന്ധികളെയെല്ലാം മറികടന്ന് തന്റെ ലക്ഷ്യം മഹത്തരമായി അദ്ദേഹം ഇപ്പോഴും പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. അത് സമർപ്പണമാണ്.

തന്റെ ബാല്യകാലത്തിൽ തന്നെ കേട്ടിട്ടുള്ളതാണ് കർത്താവിനോടുള്ള പ്രാർത്ഥന. അന്ന് എനിക്കത് മനസ്സിലാക്കി എടുക്കാൻ കഴിഞ്ഞിട്ടില്ല. പിന്നീട് കൂടുതലായി ബൈബിൾ വായിച്ചപ്പോൾ, കൂടുതൽ വ്യാഖ്യാനങ്ങൾ വായിച്ചപ്പോഴാണ് പ്രാർത്ഥനയിലുള്ള വലിയ അർത്ഥങ്ങൾ, അതിനൊരുപാട് അർത്ഥതലങ്ങൾ ഉണ്ടെന്ന് എനിക്ക് ബോധ്യമായത്.

ദൈവത്തിൻെറ നാമം പ്രകാശിപ്പിക്കുന്നതും വിശുദ്ധീകരിക്കുന്നതും നമ്മളാണ്. മനുഷ്യന്റെ സുരക്ഷയുടെ ഉടമ്പടിയാണ് പ്രാർത്ഥന. സുതാര്യമായ നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർക്ക് സ്നേഹം കൊടുത്തും സഹജീവികളോടു കരുണകാട്ടിയും ഏറ്റവും പാവങ്ങളെ ചേർത്തു നിർത്തുകയുമാണ് നമ്മൾ ചെയ്യേണ്ടത്. ദൈവത്തിൻെറ നാമം വിശുദ്ധീകരിക്കാൻ അതിനെ പൂജ്ജിതമാക്കാനുള്ള നമ്മുടെ നിയോഗമാണ് നമ്മുടെ ജീവിതം.

ഡോ. ഓമന റസ്സൽ കെ.സി ജോണിനെ പരിചയപ്പെടുത്തുന്നു

ഈ അവാർഡ് നൽകുന്നതിനായി തന്നെ ക്ഷണിച്ചതിന് ക്രൈസ്തചിന്ത ചീഫ് എഡിറ്റർ കെ.എൻ. റസ്സലിനോട് പ്രത്യേകം നന്ദി പറയുന്നു. ഇത് ഒരു ദൈവനിയോഗം ആണെന്നും ഞാൻ വിശ്വസിക്കുന്നു.
ക്രിസ്മസ് -പുതുവത്സര ആശംസകൾ കൈമാറിയാണ് തൻ്റെ പ്രസംഗം പ്രതിപക്ഷ നേതാവ് അവസാനിപ്പിച്ചത്.

അവാർഡ് ഏറ്റുവാങ്ങി മറുപടി പ്രസംഗത്തിൽ കെ.സി ജോൺ പവർ വിഷന്റെ പ്രവർത്തനങ്ങളെ വളരെ സമഗ്രമായി പ്രതിപാദിച്ചു. തന്നെ ഈ അവാർഡിനായി തിരഞ്ഞെടുത്തതിലുള്ള സന്തോഷം അദ്ദേഹം സദസുമായി പങ്കിട്ടു. പവർ വിഷന്റെ വീട്ടിലെ സഭായോഗം ഏറ്റവും മഹത്വകരമായ പരിപാടിയാണെന്നും, സുവിശേഷം പറയാൻ ചെല്ലുമ്പോൾ ഓടിക്കുന്നവരുടെ വീട്ടിനുള്ളിലെ ഹാളിലോ കിടപ്പുമുറിലോ സുവിശേഷം എത്തിക്കാൻ സഹായിച്ചു എന്നുള്ളതുമാണ് ‘വീട്ടിലെ സഭായോഗ’ത്തിൻ്റെ പ്രത്യേകതയെന്നും കെസി ജോൺ പറഞ്ഞു.

യോഗത്തിൽ പാസ്റ്റർ ചാക്കോ ജോൺ അദ്ധ്യക്ഷത വഹിച്ചു. അവാർഡ് ജേതാവിന് പരിചയപ്പെടുത്തി ഡോ. ഓമന റസ്സൽ സംസാരിച്ചു. ക്രൈസ്തവ ചിന്ത പത്രാധിപർ കെ.എം റസ്സൽ വി.എം മാത്യുസാറിൻ്റെ മാതൃകാ പെരുമാറ്റത്തെ ഓർമ്മിപ്പിച്ചു. അദ്ദേഹത്തിൻ്റെ പേരിൽ അവാർഡ് ഏർപ്പെടുത്താനുള്ള കാരണങ്ങളെ വിശദീകരിച്ചു.

ജോജി ഐപ്പ് മാത്യൂസ് സ്വാഗതം പറഞ്ഞു. അഡ്വ. വർഗീസ് മാമൻ, പാസ്റ്റർമാരായ ഒ.എം.രാജുക്കുട്ടി, രാജു പൂവക്കാല, പി.ജി. മാത്യൂസ്, വർഗീസ് മത്തായി, സാംകുട്ടി ചാക്കോ നിലമ്പൂർ, അച്ചൻകുത്ത് ഇലന്തൂർ, സജി പോൾ, ജെ. ജോസഫ്, പീറ്റർ വല്യത്ത്, വി.ജി സാം കുട്ടി, വി.എം മാത്യു സാറിൻ്റെ മകൻ ഫിന്നി ഒക്കലഹോമ എന്നിവ ആശംസാ പ്രസംഗങ്ങൾ നടത്തി. പാസ്റ്റർ റ്റി.റ്റി. ജേക്കബ് നന്ദി പറഞ്ഞു.

അജു അലക്സ്, സുധി ഏബ്രഹാം , ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർ ചാക്കോ ജോൺ എന്നിവർ സംഘാടകരായി പ്രവർത്തിച്ചു.
പാസ്റ്റർ മാത്യു ഉമ്മൻ്റെ പ്രാർത്ഥനയോടെ ആംരംഭിച്ച സമ്മേളനം അങ്കമാലി ടൗൺ ഐ.പി.സി ശുശ്രൂഷകൻ സുനിൽ മാത്യുവിൻ്റെ പ്രാർത്ഥനയോടെ അവസാനിച്ചു.