അബൂജ: വടക്കുകിഴക്കൻ നൈജീരിയയിലെ യോബെ സംസ്ഥാനത്ത് ഭീകരരുടെ താവളം ലക്ഷ്യമിട്ട് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ വൻ ദുരന്തം.
ബോംബുകള്‍ ലക്ഷ്യം തെറ്റി ആഴ്ചവട്ട ചന്തയില്‍ പതിച്ചതിനെത്തുടർന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലധികം പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ജില്ലി ഗ്രാമത്തിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍ നൂറിലധികം പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണല്‍ സ്ഥിരീകരിച്ചു. എന്നാല്‍ മരണം 200 കടന്നതായി പ്രാദേശിക കൗണ്‍സിലർ ലവാൻ സന്ന ന്യൂർ ഗീദാമിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു.
ചന്തയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സാധാരണക്കാരാണ് കൊല്ലപ്പെട്ടവരിലേറെയും. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഭീകരരുടെ ഒളിത്താവളങ്ങളും ലോജിസ്റ്റിക് കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ‘കൃത്യമായ ആക്രമണം’ ആണ് നടത്തിയതെന്നാണ് നൈജീരിയൻ വ്യോമസേന അവകാശപ്പെടുന്നത്.
സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.



