അമ്രോഹ: അന്ധവിശ്വാസം കാരണം മാതാപിതാക്കള്‍ക്ക് നഷ്ടമായത് സ്വന്തം മകന്റെ ജീവൻ. പാമ്പു കടിയേറ്റ പതിമൂന്നുകാരനെ ശാസ്ത്രീയമായ ചികിത്സ നല്‍കുന്നതിന് പകരം മന്ത്രവാദിയുടെ നിർദേശപ്രകാരം 12 മണിക്കൂറാണ് ഗംഗാ നദിയില്‍ രക്ഷിതാക്കള്‍ മുക്കി വെച്ചത്.
ഉത്തർപ്രദേശിലെ അമ്രോഹയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ചികിത്സ വൈകിയതിനെത്തുടർന്ന് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
പാമ്പു കടിയേറ്റ കുട്ടിയെ ഉടൻ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം വീട്ടുകാർ സമീപത്തെ മന്ത്രവാദിയുടെ സഹായം തേടുകയായിരുന്നു. ഗംഗാ നദിയില്‍ മുക്കി നിർത്തിയാല്‍ വിഷം ഇറങ്ങുമെന്നും കുട്ടി സുഖപ്പെടുമെന്നുമായിരുന്നു മന്ത്രവാദിയുടെ വിചിത്രമായ നിർദേശം. മുളവടികള്‍ കൊണ്ട് നിർമ്മിച്ച പാത്തിയില്‍ കെട്ടിയിട്ട നിലയിലാണ് കുട്ടിയെ 12 മണിക്കൂറോളം നദിയിലെ തണുത്ത വെള്ളത്തില്‍ മുക്കി നിർത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടി അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് വീട്ടുകാർ ആശുപത്രിയില്‍ എത്തിക്കാൻ തയ്യാറായത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുട്ടി മരിച്ചുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ, മൃതദേഹം തിരികെ ഗംഗാ നദിയില്‍ തന്നെ ഒഴുക്കാൻ വീട്ടുകാർ ശ്രമിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ കയറില്‍ കെട്ടി നദിയില്‍ താഴ്ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഇത്തരം അന്ധവിശ്വാസങ്ങള്‍ ഒരു പിഞ്ചു ജീവൻ കവർന്നത് ഞെട്ടിക്കുന്നതാണ് ദൃക്സാക്ഷികള്‍ പ്രതികരിച്ചു. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മന്ത്രവാദിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.



