ടെഹ്റാൻ: ഇറാന് വിന്യസിച്ച എല്ലാ നാവിക മൈനുകളും കണ്ടെത്താൻ കഴിയാത്തതും അവ നീക്കം ചെയ്യാനുള്ള സാങ്കേതിക ശേഷിയില്ലാത്തതുമാണ് ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കാൻ ഇറാന് കഴിയാത്തതിന് കാരണമെന്ന് യുഎസ് ഉദ്യോഗസ്ഥർ.
ഹോർമുസ് കടലിടുക്കില്‍ തങ്ങള്‍ തന്നെ സ്ഥാപിച്ച നാവിക മൈനുകള്‍ എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്തതിനാല്‍ കടലിടുക്ക് പൂർണ്ണമായി തുറക്കാൻ കഴിയാതെ ഇറാൻ പ്രതിസന്ധിയിലാണെന്ന് റിപ്പോട്ടുകള്‍ പുറത്ത് വന്നു.
കഴിഞ്ഞ മാസം യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോള്‍, ചെറിയ ബോട്ടുകള്‍ ഉപയോഗിച്ച് തിരക്കിട്ടാണ് ഇറാൻ ഇവിടെ മൈനുകള്‍ വിന്യസിച്ചത്. എന്നാല്‍ ഇവ ശാസ്ത്രീയമായ രീതിയിലല്ല സ്ഥാപിച്ചതെന്നും പല മൈനുകളും ഒഴുക്കില്‍പ്പെട്ട് സ്ഥാനം മാറിയതായാണ് വിലയിരുത്തല്‍. കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന് ഡൊണള്‍ഡ് ട്രംപ് ഭരണകൂടം ഇറാനോട് ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക പരിമിതികള്‍ കണക്കിലെടുത്ത് മാത്രമേ കടലിടുക്ക് തുറക്കാനാകൂ എന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സൂചിപ്പിച്ചതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.
ഈ സാങ്കേതിക തകരാറ് മൈൻ പ്രതിസന്ധി മൂലമാണെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.മൈനുകള്‍ വിന്യസിക്കുന്നത് എളുപ്പമായിരുന്നെങ്കിലും അവ നീക്കം ചെയ്യുന്നത് ഇറാനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
മൈനുകള്‍ കൃത്യമായി കണ്ടെത്താനുള്ള സാങ്കേതിക വിദ്യ ഇറാനില്ലാത്തത് പ്രശ്നം സങ്കീർണ്ണമാക്കുന്നു. ഇസ്ലാമാബാദില് ഇന്ന് നടക്കാനിരിക്കുന്ന ഇറാൻ യുഎസ് സമാധാന ചർച്ചകളില്‍ ഈ വിഷയം പ്രധാനമായും ചർച്ച ചെയ്യപ്പെടുമെന്നാണ് വിലയിരുത്തല്‍. 70 അംഗ പ്രതിനിധി സംഘമാണ് ഇറാനെ പ്രതിനിധീകരിച്ച് പാകിസ്ഥാനിലെത്തിയിട്ടുള്ളത്. മൈനുകളുടെ സാന്നിധ്യം കപ്പല്‍ ഗതാഗതത്തിന് വൻ ഭീഷണിയായതിനാല്‍ ആഗോള എണ്ണവിലയെയും ഇത് ബാധിച്ചേക്കാം.
നിലവില്‍ ചുങ്കം നല്കുന്ന കപ്പലുകള്‍ക്ക് മാത്രമായി ഇറാൻ ഒരു ഇടുങ്ങിയ പാത തുറന്നുകൊടുത്തിട്ടുണ്ട്. എന്നാല്‍ മൈനുകളുടെ സ്ഥാനം വ്യക്തമല്ലാത്തതിനാല്‍ ഇതിലൂടെയുള്ള യാത്രയും പൂർണ്ണമായും സുരക്ഷിതമാണെന്ന് സ്ഥിരീകരണമില്ല. അമേരിക്കയുടെ അത്യാധുനിക സംവിധാനങ്ങള്‍ക്ക് പോലും ഈ മൈനുകള്‍ കണ്ടെത്തുക പ്രയാസകരമായ സാഹചര്യത്തില്‍, ഗതാഗതം പുനസ്ഥാപിക്കാൻ ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.
അതേസമയം അമേരിക്ക-ഇറാൻ ബന്ധങ്ങളില്‍ നിർണായകമെന്നു കരുതുന്ന സമാധാന ചർച്ചകളില്‍ പങ്കെടുക്കാൻ ഇറാൻ സംഘം പാകിസ്ഥാനിലെത്തി. ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഇസ്ലാമാബാദിലെത്തിയത്. “ഇസ്ലാമാബാദ് ചർച്ചകള്‍” എന്ന പേരില്‍ നടക്കുന്ന ചർച്ചകളില്‍ ഇറാന്റെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക മേഖലകളിലെ സുപ്രധാന നേതാക്കള്‍ പങ്കെടുക്കും. സമാധാന ചർച്ചയ്ക്കുള്ള അമേരിക്കൻ സംഘത്തെ നയിക്കുന്നത് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ആണ്.



