കാർട്ടൂൺ ക്രിസ്ത്യാനിയോ? കാൽവറി ക്രിസ്ത്യാനിയോ?

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

കടം മാറും കാറ് മാറാം വീട് കിട്ടും വസ്തു കിട്ടും വിദേശയാത്ര ഉറപ്പ് ഇങ്ങനെ നീണ്ടു പോകുന്ന ചില മരീചിക വിഭവങ്ങളുടെ ലിസ്റ്റുകൾ ഇവരുടെ മുമ്പിൽ കയ്യടിക്കുന്നവർക്ക് കൈമാറുന്നു. കാർട്ടൂൺ ക്രിസ്ത്യാനിയുടെ സന്തോഷം കണ്ടിരിക്കുന്നതിലും കേട്ടിരിക്കുന്നതിലും ചാടുന്നതിലും മറിയുന്നതിലും. എല്ലാം എന്നും വർണ്ണ ശമ ബളവും തിളക്കവും എങ്കിൽ ബഹു സന്തോഷം.

ഇതു വെറും ഉപരി വിപ്ലവവും പൊള്ളയായ അനുകരണങ്ങളും അത്രേ. എല്ലാം പെട്ടെന്ന് ലഭിക്കണം പെട്ടെന്ന് സമ്പന്നൻ ആകണം പെട്ടെന്ന് ആത്മിക മുതലാളി ചമയണം. സമയം ഇവർക്ക് ഒട്ടുമേ ഇല്ല എപ്പോഴും തിരക്കോട് തിരക്ക്. ഉലകം ചുറ്റുന്ന വാലീഫന്മാർ പോലെ ഇവർ പറക്കുകയാണ്. തിരുവചനം പറയുന്നു ഇവർ കാറ്റു കൊണ്ട് ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങളും വക്ര നക്ഷത്രങ്ങളും അത്ര. ഒരു കൊച്ചു കുട്ടിയുടെ കയ്യിലുള്ള പട്ടം എങ്ങോട്ടെന്നില്ലാതെ പറന്നുയരുന്നത് പോലെ ഇവർ ഇങ്ങനെ സ്വന്തം പ്രഭയിലും പ്രശസ്തിയിലും തന്നത്താൻ ഉയർത്തി സായൂജ്യമടഞ്ഞ് ഓടുകയാണ്.

കാറ്റ് പ്രതികൂലമായാൽ ഇവരുടെ മുഖം വാടും, പെട്ടന്ന് തളരും പരിഭ്രവിക്കും. വരവ് കുറഞ്ഞാൽ ഇവരുടെ വിരുന്നും കലാപരിപാടികളും അവസാനിക്കും. എല്ലാം എന്നും എപ്പോഴും കുശാലായി നടക്കണം അല്ലെങ്കിൽ പരിഭവിക്കും.

കാൽവറിയുടെയും കാരാഗ്രഹത്തിൻ്റെ യും വേദന ഇവർക്ക് അറിയില്ല. കാത്തുനിൽക്കുവാൻ ഇവർക്ക് ഒട്ടുമേ മനസ്സില്ല. സ്കേവാ പുരോഹിതൻ്റെ മക്കൾ ഭൂതത്തെ ശാസിച്ചത് പോലെ ഇവർ എന്നും ശാസിക്കുകയും ഭത്സിക്കുകയുമാണ്. ഭൂതങ്ങൾ ചിരിക്കുന്നു തിരിച്ചറിയാത്ത ജനം ഇതെല്ലാം കണ്ടു കയ്യടിക്കുന്നു. പാത്രവും വയറും നിറഞ്ഞു കവിയണം അല്ലെങ്കിൽ ഇവരുടെ മനം മടുക്കും.

ക്രിസ്തീയ ജീവിതത്തിൽ ഗെത്ത് ശെമന ഇല്ല എന്നിവർ പഠിപ്പിക്കുന്നു ശതകോടികൾ വന്നു വീഴുമെന്ന് പുലമ്പുന്നു. നാം നല്ല കുശവൻ്റെ കയ്യിലെ മൺപാത്രങ്ങളാണ് ജീവിതത്തിൽ പൊട്ടലുകളും നുറുക്കങ്ങളും ഉണ്ടാകും എന്നുള്ള തിരിച്ചറിവ് ഇവർക്കില്ല.

കാൽവറി ക്രിസ്ത്യാനി എല്ലാം സഹിക്കുന്നു ആത്മാക്കളുടെ ജനനത്തിനു വേണ്ടി പ്രസവ വേദനപ്പെടുന്നു. കഷ്ടതയിലും പ്രശംസിക്കുന്നു. മാറായുടെ മരുഭൂമിയിൽ തളർന്നു പോകാതെ മരണത്തെ ജയിച്ചവനെ മുന്നിൽ കണ്ടുകൊണ്ട് ജൈത്ര യാത്ര ചെയ്യുന്നവരാണിവർ.

വേണാടിനെകാൾ വേഗത്തിൽ കൊടുങ്കാറ്റ് അടിക്കുമ്പോൾ കാൽവറിയിൽ അഭയം കണ്ടെത്തുന്ന ഈ വിശുദ്ധന്മാർ ലോകത്തിനു മുമ്പിൽ കൂത്തുകാഴ്ചയെങ്കിലും തേജസിൻ്റെ ദൈവം ഇവരെ നക്ഷത്രങ്ങളായി എണ്ണുന്നു. ഒന്നു കുറേ നാൽപ്പതടി ശരീരത്തിൽ വഹിക്കുവാൻ ഇവർ പുറം കാട്ടിക്കൊടുക്കുമ്പോൾ കാർട്ടൂൺ വിശ്വാസി ഒന്നു കുറേ 40 വിദേശ സന്ദർശനം നടത്തിയതിൽ അഭിമാനം കണ്ടെത്തുന്നു.

കാൽവറിയിലേക്ക് നോക്കി യാത്ര ചെയ്യുന്ന ഭക്തൻ പറയുന്നു യെരുശലേമിൽ ബന്ധിക്കപ്പെടുവാൻ മാത്രമല്ല മരിക്കുവാനും തയ്യാറാണ്. പത്മോസ് അനുഭവം ജീവിതത്തിൽ ഇല്ല. പാസ്പോർട്ട് ഉറപ്പ് എന്ന് പറഞ്ഞുകൊണ്ട് സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിക്കുന്ന ഇക്കൂട്ടർ എപ്പോഴും കാണുന്നത് ഖജനാവും അലമാരകളും നിറയുന്നതത്രേ. കളപ്പുരയുടെ വാതിൽ മാത്രം നോക്കി യാത്ര ചെയ്യുന്ന ഇവർക്ക് സ്വർഗ്ഗത്തിൻ്റെ വാതിൽ കാണുവാൻ കഴിയാതെ പോകുന്നു. ധന്യനായ പൗലോസ് അരുമ ശിഷ്യന് കൈമാറുന്ന സന്ദേശം ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കുവാൻ മനസ്സുള്ളവർക്ക് ഉപദ്രവവും കഷ്ടതയും ഉണ്ട് എന്നാണ്.