പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണം വീണ്ടും ആവർത്തിച്ച് മാത്യു കുഴല്നാടൻ എം.എല്‍.എ രംഗത്തെത്തി. 2019 മെയ് 31ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിന്റെ രേഖകള്‍ പുറത്തുവിട്ട് അദ്ദേഹം സർക്കാരിനെതിരെ ഗുരുതര വിമർശനം ഉന്നയിച്ചു.
മഴക്കാലം തുടങ്ങും മുൻപേ തന്നെ തോട്ടപ്പിള്ളി സ്പില്വേക്കടുത്തുള്ള മണല്‍ നീക്കം ചെയ്യാൻ നിർദേശം നല്‍കിയിരുന്നുവെന്ന് രേഖകളില്‍ വ്യക്തമാകുന്നതായി അദ്ദേഹം പറഞ്ഞു. പ്രളയ പ്രതിരോധ നടപടികളേക്കാള്‍ കരിമണല്‍ സംരക്ഷണത്തിനാണ് സർക്കാർ മുൻഗണന നല്‍കിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
മുൻ അനുഭവങ്ങളെ അടിസ്ഥാനമാക്കി, മഴയെത്തുമ്പോള്‍ മണല്‍ ഒഴുകിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ടെന്നും, ഡാം മാനേജ്മെന്റ് ചുമതലയുള്ള വകുപ്പിന് മണലുമായി എന്ത് ബന്ധമെന്ന് അദ്ദേഹം ചോദിച്ചു. പ്രളയ മുന്നൊരുക്കങ്ങള്‍ക്ക് പകരം ഇറിഗേഷൻ വകുപ്പ് കരിമണല്‍ സംരക്ഷണത്തിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
സഭയില്‍ ഇത്തരം വിഷയങ്ങള്‍ ഉയർത്തുമ്പോള്‍ ഏകപക്ഷീയ നടപടികളാണ് നേരിടേണ്ടി വരുന്നതെന്നും, ആവശ്യമെങ്കില്‍ മൈക്ക് ഓഫ് ചെയ്യുന്നതുവരെ സംഭവിക്കാറുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
2018ലെ പ്രളയാനുഭവത്തിന് ശേഷം പോലും മുൻകരുതലുകള്‍ സ്വീകരിക്കുന്നതിനുപകരം മണല്‍ നീക്കം ചെയ്യുന്നതിനായിരുന്നു മുൻഗണന നല്‍കിയതെന്ന് ആരോപിച്ച മാത്യു കുഴല്നാടൻ, മഴ തുടങ്ങും മുൻപേ എങ്ങനെയും മണല്‍ മാറ്റണമെന്ന നിർദേശമാണ് ഉത്തരവുകളില്‍ ഉണ്ടായിരുന്നതെന്നും കൂട്ടിച്ചേർത്തു.



