ഒടുവിൽ വെടി നിർത്തൽ, രണ്ടാഴ്ചത്തേക്ക് സമ്മതിച്ച് യുഎസും ഇറാനും; ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും

ഇറാൻ യുഎസ് ചർച്ചകൾക്ക് ധാരണയായി. രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് ഇരു രാജ്യങ്ങളും. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനെ ആശ്രയിച്ചിരിക്കും നടപടികൾ എന്ന് ട്രംപ് വ്യക്തമാക്കി.

ലോകം ഭീതിയോടെ നോക്കിയിരിയിരുന്ന ഇറാൻ യുഎസ് സംഘർഷത്തിന് താത്കാലിക വിരാമം. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാനിൽ കനത്ത ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചർച്ചകൾക്ക് ശേഷം ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തലിന് ധാരണ ആയിട്ടുണ്ട്.

ഇറാനെതിരെ നടത്താനിരുന്ന ശക്തമായ ആക്രമണമാണ് രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചിരിക്കുന്നത്. വെടി നിർത്തലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഡൊണാൾഡ് ട്രംപ് ഇതിനെ ‘ഡബിൾ സൈഡഡ് സീസ് ഫയർ’ (ഇരുപക്ഷവും അംഗീകരിച്ച വെടിനിർത്തൽ) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

കടുത്ത ഭീഷണി മുഴക്കി മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തലിന് അമേരിക്ക ധാരണയായത്. രണ്ടാഴ്ചത്തേക്ക് ശത്രുത അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുക്കാനും ഈ കരാർ ആഹ്വാനം ചെയ്യുന്നു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താൻ ഈ രണ്ടാഴ്ചത്തെ സമയം അമേരിക്ക ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണമെത്തിയത്. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫ് തന്റെ ട്വീറ്റിലൂടെ നടത്തിയ സാഹോദര്യപൂർവ്വമായ അഭ്യർത്ഥന മാനിച്ചും, തങ്ങളുടെ 15 ഇന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ വേണമെന്ന അമേരിക്കയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

ചർച്ചകൾക്കായി ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദ്ദേശങ്ങളുടെ പൊതുവായ ചട്ടക്കൂട് അംഗീകരിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച സാഹചര്യത്തിലും ഇറാന് നേരെയുള്ള ആക്രമണങ്ങൾ നിർത്തലാക്കുകയാണെങ്കിൽ, ഞങ്ങളുടെ കരുത്തുറ്റ സായുധ സേന പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നാണ് അബ്ബാസ് അരാഗ്ചി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. രണ്ടാഴ്ചത്തേക്ക് ഇറാന്റെ സായുധ സേനയുമായുള്ള ഏകോപനത്തിലൂടെയും സാങ്കേതികമായ പരിമിതികൾ കണക്കിലെടുത്തും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം സാധ്യമാകുമെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.

വെടി നിർത്തൽ സംബന്ധിച്ച് തീരുമാനം എടുക്കാൻ ഡൊണാൾഡ് ട്രംപ് ഇറാന് നൽകിയ സമയം ചൊവ്വാഴ്ച രാത്രി 8 മണിവരെയായിരുന്നു. എന്നാൽ ഇറാൻ അതിനു വഴങ്ങിയിരുന്നില്ല. 8 മണിക്കുള്ളിൽ ഇതുസംബന്ധിച്ച് ഒരു തീരുമാനം ആയില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ പാലങ്ങൾ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് ഇന്നലെ ഭീഷണിപെടുത്തിയിരുന്നു.