ഇറാനും-അമേരിക്കയും ഇസ്രായേലുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാനെ നടുക്കി വീണ്ടും ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ മരണം.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് ചീഫ് ജനറല്‍ ഖാദമി കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ അതിശക്തമായ മിസൈല്‍ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ഇന്റലിജൻസ് ശൃംഖലയുടെ നട്ടെല്ലായിരുന്ന ഖാദമിയുടെ മരണം രാജ്യത്തിന് വലിയ തിരിച്ചടിയാണ്.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇറാനിലെ രഹസ്യ യോഗത്തിനിടെയാണ് ആക്രമണം ഉണ്ടായത്. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമേരിക്കൻ-ഇസ്രായേല്‍ വ്യോമസേനകള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ജനറല്‍ ഖാദമിയും സംഘവും കൊല്ലപ്പെട്ടത്. മേഖലയില്‍ ഇറാന്റെ സൈനിക നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഈ വധത്തോടെ മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.
തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളെ വധിച്ചതിന് കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്കി. “ശത്രുക്കള്‍ക്ക് മാപ്പില്ലാത്ത തിരിച്ചടി നല്‍കും” എന്നാണ് ഇറാൻ സൈനിക വക്താവ് പ്രതികരിച്ചത്. മുൻപ് ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് ശേഷം ഇറാൻ നേരിടുന്ന ഏറ്റവും വലിയ ആഘാതമാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്കയും ഇസ്രായേലും ഈ നീക്കത്തിലൂടെ ഇറാനെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ്.
ജനറല്‍ ഖാദമിയുടെ വധം മേഖലയിലെ സമാധാന ശ്രമങ്ങളെ പാടെ തകർത്തിരിക്കുകയാണ്. ഇസ്രായേലിന് നേരെയുള്ള ഹിസ്ബുള്ളയുടെയും ഹൂത്തികളുടെയും ആക്രമണങ്ങള്‍ വർദ്ധിക്കാൻ ഇതിടയാക്കും. ഇതിനോടകം തന്നെ ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ കപ്പലുകള്‍ക്കും സൈനിക താവളങ്ങള്‍ക്കും ഇറാൻ ഭീഷണി ഉയർത്തിക്കഴിഞ്ഞു. ഇന്ധന വിപണിയെയും ആഗോള സാമ്പത്തിക രംഗത്തെയും ഒരുപോലെ ബാധിക്കുന്ന രീതിയിലേക്ക് ഈ സംഘർഷം വളരാൻ സാധ്യതയുണ്ട്.
അന്താരാഷ്ട്ര സമൂഹം ഏറെ ആശങ്കയോടെയാണ് ഈ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്. യുദ്ധം പശ്ചിമേഷ്യയിലുടനീളം വ്യാപിക്കുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങള്‍. വരും ദിവസങ്ങളില്‍ ഇറാന്റെ ഭാഗത്തുനിന്നും എങ്ങനെയുള്ള നീക്കങ്ങളാണ് ഉണ്ടാവുക എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയുടെ ഭാവി. സൈനിക താവളങ്ങള്‍ക്കും എണ്ണപ്പാടങ്ങള്‍ക്കും അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.



