വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ആ രാജ്യത്തെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പ്രധാന സൈനിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ യുഎസ് സേനയുടെ പ്രവർത്തനം തുടരുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് വ്യക്തമാക്കി.
ഭരണകൂട മാറ്റം ലക്ഷ്യമല്ലെന്ന് ആവർത്തിക്കുമ്പോഴും ഇറാന്റെ സൈനിക ശേഷി തകർക്കുന്നതിനും ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള നീക്കങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുന്നതിനുമാണ് മുൻഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ സൈനിക നടപടികളിലൂടെ ഇറാന്റെ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെയും നേതൃത്വത്തെയും ഗണ്യമായി ദുർബലപ്പെടുത്താൻ സാധിച്ചതായും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കയുടെ വ്യവസ്ഥകളുമായി ഇറാൻ സഹകരിക്കാൻ തയ്യാറായില്ലെങ്കില്‍ വരും ആഴ്ചകളില്‍ ആക്രമണങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇറാന്റെ ആണവമോഹങ്ങള്‍ തടയുക എന്നത് ലോകസുരക്ഷയ്ക്ക് അനിവാര്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.



