ഇറാനില്‍ ഭരണപ്രതിസന്ധി രൂക്ഷം; സൈന്യം അധികാരം പിടിച്ചെന്ന് റിപ്പോര്‍ട്ടുകള്‍

ഇറാനില്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ നേതൃത്വത്തിലുള്ള സിവില്‍ ഭരണകൂടവും ശക്തമായ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും തമ്മിലുള്ള പോര് കനക്കുന്നു.

രാജ്യത്തെ ഭരണം നിലവില്‍ ‘പൂര്‍ണ്ണമായ രാഷ്ട്രീയ സ്തംഭനാവസ്ഥയില്‍’ ആണെന്ന് ആഭ്യന്തര വൃത്തങ്ങളെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഭരണകൂടത്തിന്റെ നിര്‍ണ്ണായകമായ പല തീരുമാനങ്ങളിലും ഇടപെട്ടുകൊണ്ട് ഐ.ആര്‍.ജി.സി ഭരണത്തിന്റെ നിയന്ത്രണം പരോക്ഷമായി ഏറ്റെടുത്തിരിക്കുകയാണെന്ന് ‘ഇറാന്‍ ഇന്റര്‍നാഷണല്‍’ റിപ്പോര്‍ട്ട് ചെയ്തു.

സിവില്‍ ഗവണ്‍മെന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട സൈന്യം് ഭരണത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. സുപ്രധാനമായ സര്‍ക്കാര്‍ നിയമനങ്ങളെയും നയപരമായ തീരുമാനങ്ങളെയും സൈനിക നേതൃത്വം തടയുന്നതായാണ് വിവരം.

പുതിയ ഇന്റലിജന്‍സ് മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റ് പെസെഷ്‌കിയാന്റെ നീക്കം IRGC കമാന്‍ഡര്‍ അഹമ്മദ് വാഹിദിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ തടയപ്പെട്ടു. ഇതോടെ മന്ത്രിസഭ രൂപീകരണത്തിലും തീരുമാനങ്ങളിലും പ്രസിഡന്റിന് മേല്‍ക്കൈ നഷ്ടപ്പെട്ട അവസ്ഥയാണ്.

പരമോന്നത നേതാവ് അയത്തുള്ള ഖമേനിയുടെ വിശ്വസ്ത വൃത്തങ്ങള്‍ക്കിടയിലുള്ള അതൃപ്തിയും ഭരണപ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. മോജ്തബ ഖമേനിയുടെ പക്ഷത്തുനിന്നുള്ള നീക്കങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു.

മിതവാദ നിലപാടുകളിലൂടെ അധികാരത്തിലെത്തിയ പെസെഷ്‌കിയാന്, കടുത്ത യാഥാസ്ഥിതിക നിലപാടുള്ള സൈനിക വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല.

ഇറാനിലെ പരമ്പരാഗത രീതി അനുസരിച്ച്‌, സുരക്ഷാ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാൻ അധികാരമുള്ള പരമോന്നത നേതാവിന്റെ അംഗീകാരം ലഭിച്ചതിനുശേഷം മാത്രമേ പ്രസിഡന്റിന് ഇന്റലിജൻസ് മന്ത്രിയെ നാമനിർദ്ദേശം ചെയ്യാൻ സാധിക്കൂ. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി പരമോന്നത നേതാവ് മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചും നിലനില്‍ക്കുന്ന അനിശ്ചിതത്വം ഈ നടപടിക്രമങ്ങളെ സങ്കീർണ്ണമാക്കി.

ഈ സാഹചര്യം മുതലെടുത്തുകൊണ്ട് ഐ.ആർ.ജി.സി രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ മേല്‍ പൂർണ്ണ നിയന്ത്രണം ഉറപ്പിക്കുകയും അധികാരം കേന്ദ്രീകരിക്കുകയും ചെയ്തു. കൃത്യമായ ഭരണനേതൃത്വത്തിന്റെ അഭാവം സൈനിക വിഭാഗത്തിന് ഭരണകാര്യങ്ങളില്‍ മേല്‍ക്കൈ നേടിക്കൊടുത്തു എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.