പ്രതിപക്ഷ പ്രതിഷേധം; എഫ്.സി.ആര്‍.എ ബില്‍ ചര്‍ച്ചയ്ക്കെടുക്കാതെ മാറ്റിവച്ച് കേന്ദ്ര സര്‍ക്കാര്‍

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയില്‍ എഫ്.സി.ആര്‍.എ നിയമഭേദഗതി ബില്‍ ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും തീരുമാനത്തിന് പിന്നിലുണ്ട്. കോണ്‍ഗ്രസും സി.പി.എമ്മും തെറ്റിദ്ധാരണ പരത്തുകയാണെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിച്ചു. ബില്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ലോക്സഭ ചേര്‍ന്നയുടന്‍ എഫ്.സി.ആര്‍.എ നിയമഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ അടക്കം മുദ്രാവാക്യം വിളികളുമായി ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റു. ചോദ്യോത്തര വേള തടസപ്പെടുമെന്നായതോടെ പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു ഇടപെട്ടു. ബില്‍ ഇന്ന് ചര്‍ച്ചയ്ക്ക് എടുക്കുന്നില്ലെന്നും ഏതെങ്കിലും വിഭാഗത്തെ ഉന്നമിട്ടല്ല നിയമഭേദഗതിയെന്നും മന്ത്രി. കേരള എം.പിമാര്‍ അനാവശ്യമായി പ്രശ്നം സൃഷ്ടിക്കുകയാണെന്നും റിജിജു ആരോപിച്ചു.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ചര്‍ച്ച മാറ്റിവച്ചതെന്നും ബില്‍ പിന്‍വലിക്കണമെന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു. ബില്‍ അടുത്ത സമ്മേളനത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കമെന്ന്

എന്‍.കെ.പ്രേമചന്ദ്രനും പറഞ്ഞു.  സഭ ചേരുന്നതിന് മുന്‍പ് പാര്‍ലമെന്‍റ് കവാടത്തിലും എം.പിമാര്‍ പ്രതിഷേധിച്ചു. കേരളത്തിലെ ബി.ജെ.പിയുടെ സമ്മര്‍ദം കൂടി കണക്കിലെടുത്താണ് ചര്‍ച്ച മാറ്റിവച്ചതെന്നാണ് സൂചന. ക്രിസ്ത്യന്‍ സമുദായം എതിരായാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉറപ്പാണെന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.