മനോരമയുടെ സർവ്വേയിൽ ഇനി കേരളത്തിൽ യു. ഡി. എഫ് ഭരണം

കോട്ടയം∙  സംസ്ഥാനത്ത് നിയമസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നിലെത്തുമെന്ന് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ. 69 മുതല്‍ 81 വരെ സീറ്റുകള്‍ യുഡിഎഫ് നേടിയേക്കാമെന്നാണു പ്രവചനം. 57 മുതല്‍ 69 സീറ്റുകള്‍ വരെ ഇടതുമുന്നണിക്കു ലഭിക്കാം. ഒന്നുമുതല്‍ അഞ്ച് സീറ്റ് വരെയാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളില്‍ തൊണ്ണൂറായിരത്തോളം സാംപിളുകള്‍ ഉപയോഗിച്ചാണു സര്‍വേ നടത്തിയത്.

തിരുവനന്തപുരത്തെ രണ്ട് മണ്ഡലങ്ങളിൽ ബിജെപിക്ക് സാധ്യത പ്രവചിച്ച് സർവേ. നേമത്ത് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് വിജയസാധ്യതയെന്നു സര്‍വേ പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും നേരിയ സാധ്യത പ്രവചിക്കുന്നുണ്ട്. നേമത്തും കഴക്കൂട്ടത്തും ശക്തമായ ത്രികോണമല്‍സരമാണ് അരങ്ങേറുന്നത്. 14 നിയമസഭാമണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ 8 മുതല്‍ 10 സീറ്റ് വരെ ഇടതുമുന്നണിക്ക് ലഭിക്കുമെന്നാണ് സര്‍വേ ഫലം. യുഡിഎഫിന് 2 മുതല്‍ 4 സീറ്റ് വരെയാണ് പ്രവചനം. എന്‍ഡിഎയ്ക്ക് ഒന്നുമുതല്‍ മൂന്ന് സീറ്റുവരെ പ്രതീക്ഷിക്കാമെന്നും പ്രവചനം.

ആലപ്പുഴ ജില്ലയിൽ എൽഡിഎഫിന് ആധിപത്യമെന്ന് മനോരമ ന്യൂസ്–സി വോട്ടർ അഭിപ്രായ സർവേയുടെ പ്രവചനം. എൽഡിഎഫിന് 6 മുതൽ 8 വരെയും യുഡിഎഫിന് ഒന്നു മുതൽ മൂന്നുവരെയും സീറ്റുകള്‍ ലഭിച്ചേക്കുമെന്നാണു പ്രവചനം. എൻഡിഎയ്ക്ക് ഒറ്റ സീറ്റുപോലും ലഭിക്കില്ല.

പത്തനംതിട്ടയിൽ എൽഡിഎഫിന് ആധിപത്യം നഷ്ടമാകുമെന്ന് സർവേ പ്രവചനം. 2021ൽ ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫായിരുന്നു വിജയിച്ചത്.  യുഡിഎഫിന് 3 മുതല്‍ 5 സീറ്റ് വരെയാണ് സര്‍വേ പ്രവചിക്കുന്നത്. പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെയാണ് ഇടതുമുന്നണിക്ക് പ്രവചിക്കുന്നത്. എന്‍ഡിഎയ്ക്ക് ഇക്കുറിയും പത്തനംതിട്ട ജില്ലയില്‍ ജയസാധ്യതയില്ലെന്ന് സര്‍വേ പറയുന്നു.

കൊല്ലം

കൊല്ലം ജില്ലയില്‍ ഇക്കുറി ഇടത് തരംഗമുണ്ടാവില്ലെന്നാണു സർവേ പ്രവചനം. എന്നാല്‍ യുഡിഎഫിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനം ഇത്തവണയും എല്‍ഡിഎഫ് കാഴ്ചവയ്ക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. ജില്ലയില്‍ ഇടതുമുന്നണിക്ക് അഞ്ചുമുതല്‍ ഏഴ് സീറ്റ് വരെയും യുഡിഎഫിന് നാലു മുതല്‍ ആറ് സീറ്റ് വരെയും ലഭിച്ചേക്കാമെന്നും പ്രവചനമുണ്ട്. എന്‍ഡിഎയ്ക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളൊന്നും ഇക്കുറിയും കൊല്ലം ജില്ലയില്‍ ഇല്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.