റഷ്യയിലെ ക്രീമിയയില്‍ സൈനിക വിമാനം തകര്‍ന്നു വീണു; 29 പേര്‍ മരിച്ചു

മോസ്‌കോ: റഷ്യയിലെ ക്രീമിയയില്‍ സൈനിക വിമാനം തകര്‍ന്നു വീണ് അപകടം. റഷ്യന്‍ സൈനിക വിമാനമായ ആന്റോനോവ്-26 ആണ് തകര്‍ന്നു വീണത്.

വിമാനത്തിലുണ്ടായിരുന്ന 29 യാത്രക്കാരും അപകടത്തില്‍ മരിച്ചതായാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. തിരച്ചിലിനൊടുവില്‍ രക്ഷാപ്രവര്‍ത്തക സംഘം വിമാനം തകര്‍ന്നുവീണ സ്ഥലം കണ്ടെത്തുകയായിരുന്നു.

ക്രീമിയയിലെ മലയിടുക്കിലാണ് സൈനിക വിമാനം തകര്‍ന്നുവീണതെന്നാണ് ഇന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വിശദമാക്കി. 40 പേര്‍ക്കാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. മിസൈലുകള്‍ പോലുള്ളവ പതിച്ചതായുള്ള തകരാറുകള്‍ വിമാനത്തില്‍ കണ്ടെത്താനായിട്ടില്ലെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനമായതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

1960 മുതല്‍ റഷ്യന്‍ സേനയുടെ ഭാഗമായിട്ടുള്ള വിമാനങ്ങളിലൊന്നാണ് ഇത്. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നു റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.