സാമ്പത്തിക തകര്‍ച്ച; 25 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ സ്വര്‍ണശേഖരം വിറ്റ് റഷ്യ; വില്‍പന നടത്തിയത് 15 മെട്രിക് ടണ്‍ സ്വര്‍ണം

യുക്രെയ്ൻ യുദ്ധവും യുഎസ്-യൂറോപ്പ് ഉപരോധവും മൂലം റഷ്യ സാമ്പത്തിക തകർച്ചയിലേക്ക്. 25 വർഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ സ്വർണശേഖരം വിറ്റ് പണം കണ്ടെത്തി റഷ്യ.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ റഷ്യൻ കേന്ദ്രബാങ്ക് വിറ്റത് 15 മെട്രിക് ടണ്‍ സ്വർണമാണ്. 2002നു ശേഷം റഷ്യ ഇത്തരമൊരു വില്‍പന നടത്തുന്നത് ആദ്യമാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലില്‍ വ്യക്തമാക്കി.

ജനുവരിയില്‍ 3 ലക്ഷം ട്രോയ് ഔണ്‍സ് (31.10 ഗ്രാം) സ്വർണമാണ് റഷ്യ വിറ്റത്. ഫെബ്രുവരിയില്‍ 2 ലക്ഷവും. ഇതോടെ റഷ്യയുടെ സ്വര്‍ണശേഖരം 74.3 ദശലക്ഷം ട്രോയ് ഔണ്‍സായി കുറഞ്ഞു. 2022നും 2025നും ഇടയില്‍ 150 ബില്യൻ ഡോളർ മൂല്യമുള്ള സ്വർണം, വിദേശനാണ്യ ശേഖരം എന്നിവ റഷ്യൻ കേന്ദ്രബാങ്ക് വിറ്റതായും കണക്കുകള്‍ പറയുന്നു. ഇതിന് പുറമേയാണ് ഇപ്പോഴത്തെ വില്‍പന. മുൻകാലങ്ങളിലും റഷ്യ സ്വർണം വിറ്റിരുന്നെങ്കിലും അത് രാജ്യത്തിനുള്ളില്‍തന്നെയുള്ള സ്ഥാപനങ്ങള്‍ക്കായിരുന്നു. രാജ്യത്തിന് പുറത്ത് സ്വർണം വിറ്റ് പണമാക്കുന്നത് കാല്‍ നൂറ്റാണ്ടിനിടെ ആദ്യം. 2002ലായിരുന്നു ഇതിനുമുൻപത്തേത്. അന്ന് 58 ടണ്‍ സ്വർണം വിറ്റിരുന്നു.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ റിപ്പോർട്ട് പ്രകാരം 2000 ടണ്‍ സ്വർണമാണ് റഷ്യയുടെ ശേഖരത്തിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരമുള്ള അഞ്ചാമത്തെ രാജ്യം. 2022ല്‍ യുക്രെയ്നു മേല്‍ പൂർണതോതിലുള്ള യുദ്ധം തുടങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. റഷ്യയുടെ സൈനിക ചെലവ് സോവിയറ്റ് കാലത്തേക്കാള്‍ കൂടി. വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്തതോടെ രാജ്യം ബജറ്റ് കമ്മിയിലേക്ക് നീങ്ങി. ഇതു മറികടക്കാൻ പല മാർഗങ്ങളാണ് റഷ്യ പ്രയോഗിക്കുന്നത്. കൂടുതല്‍ സർക്കാർ ബോണ്ടുകള്‍ പുറത്തിറക്കുകയും മൂല്യവർധിത നികുതി (വാറ്റ്) 40 ശതമാനം വരെ വർധിപ്പിക്കുകയും ചെയ്തതാണ് ഇതിലൊന്ന്. കൂടാതെ ദേശീയ വെല്‍ഫയർ ഫണ്ടില്‍ നിന്ന് റഷ്യ പണമെടുത്തിരുന്നു. ഇതു തികയാതെവന്നതോടെയാണ് സ്വര്‍ണ വില്‍പന.

സ്വർ‍ണം റെക്കോര്‍ഡ് വിലയിലേക്ക് ഉയർന്നതും റഷ്യയുടെ സ്വർണവില്‍പനയെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്‍ധർ പറയുന്നത്. സ്വർണവില്‍പനയിലൂടെ റഷ്യയ്ക്ക് 1.46 ബില്യൻ ഡോളർ ലഭിച്ചിട്ടുണ്ടാകും. ഇത് ബജറ്റ് കമ്മിയുടെ ചെറിയൊരു ശതമാനം മാത്രമാണെന്നും ഇവർ വിശദീകരിക്കുന്നു.

യുക്രെയ്ൻ യുദ്ധത്തില്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടി വന്നത് റഷ്യയുടെ സാമ്പത്തിക സ്ഥിതി മോശമാക്കിയെന്നാണ് കണക്കുകള്‍ പറയുന്നത്. 2025ലെ ബജറ്റലില്‍ ജിഡിപിയുടെ 0.5 ശതമാനം കമ്മിയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്‍ധർ പ്രവചിച്ചിരുന്നത്. എന്നാല്‍ ഇത് ജിഡിപിയുടെ 2.6 ശതമാനമാണെന്ന് ബജറ്റ് രേഖകള്‍ പറയുന്നു. 2025 ഡിസംബറില്‍ നടക്കേണ്ട ചില പണമിടപാടുകള്‍ തൊട്ടടുത്ത വർഷത്തേക്ക് മാറ്റിയതു കൊണ്ടാണ് കമ്മി 2.6 ശതമാനമായി ഒതുങ്ങിയതെന്നും ഇല്ലെങ്കില്‍ 3.4 ശതമാനമായി വർധിച്ചേനേയെന്നും സാമ്പത്തിക വിദഗ്‍ധർ പറയുന്നു. അമേരിക്കൻ ഉപരോധം നിലനില്‍ക്കുന്നത് 2025ലെ എണ്ണ വരുമാനത്തിലും റഷ്യയ്ക്ക് തിരിച്ചടിയായി. ഉപരോധം മൂലം എണ്ണ വരുമാനത്തില്‍ 20 ശതമാനമെങ്കിലും കുറവുണ്ടായി. യൂറോപ്പിലെ പല രാജ്യങ്ങളും എണ്ണ വാങ്ങുന്നതു നിർത്തിയതും ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഡിസ്കൗണ്ടില്‍ വിറ്റതും സ്ഥിതി രൂക്ഷമാക്കി.

റഷ്യയുടെ പാത പിന്തുടർന്ന് സ്വർണശേഖരം വില്‍ക്കാൻ മറ്റു രാജ്യങ്ങളും തയാറായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഡോളറിന്‍റെ വിനിമയ നിരക്ക് ഉയർന്നതും കേന്ദ്രബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കില്ലെന്ന റിപ്പോർട്ടുകളും സ്വർണത്തിലെ ഡിമാൻഡ് കുറച്ചെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇതോടെ കേന്ദ്ര ബാങ്കുകള്‍ സ്വർണം വാങ്ങുന്നതുകുറച്ചു. 2022നു ശേഷം സ്വർണവിലയെ മുകളിലേക്ക് കയറ്റിയ ഒരു കാരണമാണ് ഇതോടെ ശക്തി ക്ഷയിക്കുന്നത്. 2022ന് ശേഷം വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ പ്രതിവർഷം 1,000 ടണ്‍ വീതം സ്വർണം വാങ്ങിയെന്നാണു കണക്ക്. എന്നാല്‍ ഇപ്പോള്‍ ട്രെൻഡ് മാറിയിട്ടുണ്ട്. ഇറാൻ യുദ്ധം തുടങ്ങിയതിനു ശേഷം 8 ബില്യൻ ഡോളർ മൂല്യം വരുന്ന 60 ടണ്‍ സ്വർണമാണ് തുർക്കി വിറ്റൊഴിവാക്കിയത്. പോളണ്ടും സമാനമായ രീതിയില്‍ സ്വർണവില്‍പന നടത്തിയിട്ടുണ്ടെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു.