നേപ്പാളിൽ ബാലേന്ദ്ര ഷാ അധികാരത്തി ലേറി മണിക്കൂറുകൾക്കുളളിൽ മുൻ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി അറസ്റ്റില്‍

നേപ്പാള്‍ മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അറസ്റ്റില്‍. ബലേന്ദ്ര ഷാ നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകും അറസ്റ്റിലായി.

കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ജെൻസി പ്രതിഷേധങ്ങള്‍ അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ട മനപൂർവമല്ലാത്ത നരഹത്യ കേസിലാണ് അറസ്റ്റ്. 10 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഒലിക്ക് എതിരെ ചുമത്തിയത്. പ്രതികാര നടപടിയെന്ന് ഒലിയുടെ എക്സിലെ കുറിപ്പ്. എന്നാല്‍ ആരോടും പ്രതികാരമല്ല. നീതിയുടെ തുടക്കം മാത്രമാണെന്ന് നേപ്പാള്‍ സർക്കാർ.കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഒലി സർക്കാരിന് എതിരെ ജെൻ സി പ്രക്ഷോഭം ആളിക്കത്തിയത്. പ്രക്ഷോഭങ്ങളില്‍ 70-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഭക്താപൂരിലെ ഗുണ്ടുവിലെ വീട്ടില്‍ നിന്നാണ് കെ.പി. ശർമ്മ ഒലിയെ അറസ്റ്റ് ചെയ്തത്. 35 വയസ്സുകാരനായ റാപ്പറും എഞ്ചിനീയറുമായ ബാലേന്ദ്ര ഷാ വമ്പൻ ജയം നേടി നേപ്പാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ഈ അറസ്റ്റ്.

2025-ലെ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന അക്രമ സംഭവങ്ങളില്‍ ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഷായുടെ മന്ത്രിസഭ നേരത്തെ സൂചിപ്പിച്ചിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതിനെക്കുറിച്ച്‌ സുശീല കർക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി ഒലിക്കും ലേഖകിനും കഴിഞ്ഞ വർഷം അവസാനം മുതല്‍ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.