ടെഹ്റാൻ: അമേരിക്കയുമായും ഇസ്രായേലുമായും നടക്കുന്ന സംഘർഷം ശക്തമാകുന്നതിനിടെ, അമേരിക്കൻ യുദ്ധവിമാനം എഫ്-18 മിസൈല്‍ ഉപയോഗിച്ച് തകർത്തതായി ഇറാൻ അവകാവാദം.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്പ്സ് (IRGC) ആണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.
ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ്ടിവിയുടെ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോം X-ല്‍ പങ്കുവെച്ച വീഡിയോയില്‍, ആകാശത്ത് പറന്നുകൊണ്ടിരുന്ന യുദ്ധവിമാനത്തെ ഒരു മിസൈല്‍ ഇടിക്കുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. പിന്നാലെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടതായി തോന്നുന്ന രീതിയില്‍ പുക ഉയരുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഈ വീഡിയോയുടെ യാഥാർത്ഥ്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം നടന്ന സ്ഥലം, വിമാനം എത്രത്തോളം നാശം സംഭവിച്ചു, പൈലറ്റിന്റെ അവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങളും ഇറാൻ പുറത്തുവിട്ടിട്ടില്ല. അതേസമയം, അമേരിക്ക ഇറാന്റെ അവകാശവാദം തള്ളിക്കളഞ്ഞു. യുഎസ് സെൻട്രല്‍ കമാൻഡ് (CENTCOM) X-ല്‍ പ്രതികരിച്ചതിങ്ങനെ- ” ഇറാൻ യുഎസ് എഫ്/എ-18 യുദ്ധവിമാനം തകർത്തുവെന്നത് തെറ്റാണ്. യുഎസ് യുദ്ധവിമാനങ്ങളൊന്നും ഇറാൻ വെടിവെച്ച് വീഴ്ത്തിയിട്ടില്ല” എന്ന് വ്യക്തമാക്കി.
അതുപോലെ ഇതിന് മുൻപും ഇത്തരം അവകാശവാദങ്ങള്‍ ഇറാൻ ഉന്നയിച്ചതായി യുഎസ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആഴ്ച, എഫ്-15 യുദ്ധവിമാനങ്ങള്‍ തകർത്തുവെന്ന അവകാശവാദവും CENTCOM നിഷേധിച്ചിരുന്നു. ” ഓപ്പറേഷൻ എപിക്ക് ഫ്യൂറി” എന്ന അമേരിക്കൻ സൈനിക നടപടിക്കിടെ 8,000-ത്തിലധികം പറക്കലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും യാതൊരു യുദ്ധവിമാനവും നഷ്ടപ്പെട്ടിട്ടില്ലെന്നും യുഎസ് വ്യക്തമാക്കി.
അതേസമയം, ഒരു എഫ്-35 സ്റ്റീല്‍ത്ത് യുദ്ധവിമാനം മിഡില്‍ ഈസ്റ്റിലെ അമേരിക്കൻ താവളത്തില്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന സംഭവത്തില്‍ ഇറാൻ പങ്കുണ്ടെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു. അമേരിക്കൻ ഉദ്യോഗസ്ഥർ സംഭവം സ്ഥിരീകരിച്ചെങ്കിലും, അത് നേരിട്ട് ശത്രു ആക്രമണഫലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അതുപോലെ ഇസ്രയേല്‍ സൈന്യത്തിന്റെ ടെല്‍ അവീവിലെ ആസ്ഥാനം ആക്രമിച്ചെന്ന അവകാശവാദവുമായി ഹിസ്ബുല്ലയും രംഗത്തെത്തി. ഇസ്രയേല്‍ സൈനിക ഇന്റലിജൻസിന്റെ സെൻട്രല്‍ ടെല്‍ അവീവിലുള്ള കേന്ദ്രം പ്രത്യേക മിസൈലുകളാണ് ആക്രമിച്ചെന്ന് ഹിസ്ബുല്ല അറിയിച്ചു. ഇക്കാര്യത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. അതിനിടെ, ഇസ്രയേല്‍ നഗരങ്ങളും യുഎസ് സൈനിക ആസ്ഥാനങ്ങളും ആക്രമിച്ചതായി ഇറാൻ പറഞ്ഞു.
ഇസ്രയേലിലെ സാറ്റലൈറ്റ് കേന്ദ്രങ്ങളും ജോർദാനിലെ അല്‍ അസ്റാഖ് വ്യോമതാവളം, ബഹ്റൈനിലെ ഷെയ്ഖ് ഇസ താവളം, കുവൈറ്റിലെ അലി അല്‍ സലീം, ആരിഫ്ജാൻ എന്നിവയടക്കം പശ്ചിമേഷ്യയിലുള്ള യുഎസ് സൈനിക താവളങ്ങളും ആക്രമിച്ചു. ഹൈഫ, ഡിമോണ തുടങ്ങിയ നഗരങ്ങളിലടക്കം ഇസ്രയേലിലെ എഴുപതോളം സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. ഇറാഖിലെ ഇർബിലിലുള്ള യുഎസ് സൈനികർക്കു നേരെയും ആക്രമണം നടത്തി. ഇതിനു പിന്നാലെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കന്റെ സ്ഥാനം പുനഃക്രമീകരിച്ചിട്ടുണ്ട്’-ഇറാൻ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. അതിനിടെ, കുവൈറ്റില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം തുടരുന്നതായി അധികൃതർ അറിയിച്ചു



