ഇറാഖിലെ ഷിയാ സായുധ സേനാ കേന്ദ്രത്തില്‍ വ്യോമാക്രമണം: അൻബാര്‍ കമാൻഡര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

അൻബാർ: പടിഞ്ഞാറൻ ഇറാഖിലെ അൻബാർ പ്രവിശ്യയിലുള്ള ഷിയാ സായുധ സേനയായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സിന്റെ ആസ്ഥാനത്തിന് നേരെയുണ്ടായ ശക്തമായ വ്യോമാക്രമണത്തില്‍ 10 പേർ കൊല്ലപ്പെട്ടു.

പിഎംഎഫിന്റെ അൻബാർ ഓപ്പറേഷൻസ് കമാൻഡർ സാദ് അല്‍-ബൈജി കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു. ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തില്‍ മുപ്പതോളം പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

മുതിർന്ന കമാൻഡർമാർ പങ്കെടുത്ത സുരക്ഷാ യോഗം നടക്കവെയാണ് വ്യോമാക്രമണം ഉണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് പിഎംഎഫ് ആരോപിച്ചു. ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാണ് അമേരിക്കൻ യുദ്ധവിമാനങ്ങള്‍ ബോംബിട്ടതെന്ന് അവർ പ്രസ്താവനയില്‍ പറഞ്ഞു. ഇറാൻ പിന്തുണയുള്ള നിരവധി ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്ന പിഎംഎഫ്, ഇറാഖിന്റെ ഔദ്യോഗിക സുരക്ഷാ സേനയുടെ ഭാഗമായാണ് നിലവില്‍ പ്രവർത്തിക്കുന്നത്.

ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതുമുതല്‍ ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകള്‍ ആക്രമണം നടത്തിവരികയായിരുന്നു. ഇതിന്റെ തിരിച്ചടിയായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ അതിർത്തികള്‍ക്ക് അപ്പുറത്തേക്ക് യുദ്ധം വ്യാപിക്കുന്നതും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇറാൻ ആക്രമണങ്ങളും മിഡില്‍ ഈസ്റ്റിലെ സാഹചര്യം അതീവ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.