പശ്ചിമേഷ്യയിൽ‌ താത്കാലിക വെടിനിർത്തൽ; സൈനിക ആക്രമണങ്ങൾ 5 ദിവസത്തേക്ക് നിർത്തിവച്ചതായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള ചർച്ചകൾ അതീവ ഫലപ്രദവും ക്രിയാത്മകവുമാണെന്ന് വ്യക്തമാക്കിയ യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്, ഇറാന്റെ ഊർജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടത്താനിരുന്ന സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവച്ചതായി തിങ്കളാഴ്ച അറിയിച്ചു.

ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകൾ മധ്യേഷ്യയിലെ സംഘർഷങ്ങൾ പൂർണമായും അവസാനിപ്പിക്കുന്നതിലേക്ക് വിരൽചൂണ്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നൽകിയിരുന്ന 48 മണിക്കൂർ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ നിർണായക നീക്കം.

ഇറാനും യുഎസുമായി ചർച്ചകൾ നടക്കുന്നെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളി. ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരു വിധത്തിലുള്ള ചർചച്ചകളുമുണ്ടായിട്ടില്ലെന്ന് ഇറാൻ പറഞ്ഞു. ഊർജ വില കുറയ്ക്കുന്നതിനും അദ്ദേഹത്തിന്റെ സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം ലഭിക്കാനും വേണ്ടിയാണ് ട്രംപ് ഇത്തരത്തിലൊരു പരാമർശം നടത്തിയതെന്നും ഇതുവരെ ഇരു രാജ്യങ്ങളും തമ്മിൽ യാതൊരു വിധ ചർച്ചകളും നടന്നിട്ടില്ലെന്നും ഇറാൻ മാധ്യമങ്ങൾ പറ‍ഞ്ഞു.