ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ വാതക കപ്പലുകൾ കൂടി യാത്ര തുടർന്നു. ഭാരത് പെട്രോളിയം ചാർട്ടർ ചെയ്ത ‘ജഗ് വസന്ത്’, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ‘പൈൻ ഗ്യാസ്’ എന്നീ എൽപിജി കപ്പലുകളാണ് ഇറാൻ തീരത്തോട് ചേർന്നുള്ള സുരക്ഷിത പാതയിലൂടെ പുറത്തുകടന്നത്.
ഇറാൻ ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് ആഴ്ചകളോളം പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടന്ന കപ്പലുകളാണ് ഇപ്പോൾ മോചിപ്പിക്കപ്പെട്ടത്. നേരത്തെ ‘എംടി ശിവാലിക്’, ‘നന്ദാദേവി’ എന്നീ കപ്പലുകളും സമാനമായ രീതിയിൽ ഹോർമുസ് കടന്നിരുന്നു. യുദ്ധത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ നേരിട്ടേക്കാവുന്ന വലിയ പ്രതിസന്ധിക്ക് ഈ കപ്പലുകളുടെ വരവ് ആശ്വാസമാകും.
നിലവിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ഈ മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്. ഇറാനിയൻ നാവികസേനയുമായി ആശയവിനിമയം നടത്തി, അവരുടെ ജലസതിർത്തിയിലൂടെയാണ് കപ്പലുകൾ നീങ്ങുന്നത്.
ഹോർമുസ് കടലിടുക്കിൽ ഇതര കപ്പലുകൾക്ക് കർശന നിയന്ത്രണം തുടരുമ്പോഴും ഇന്ത്യയുമായുള്ള നയതന്ത്ര സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയത്. വരും ദിവസങ്ങളിൽ ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിൽ കപ്പലുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



