ഡല്‍ഹിയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം മേഖലയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് തീപിടിച്ചു. തീപിടിത്തത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.കെട്ടിടത്തിനുള്ളിലെ ഒരു വീട്ടില്‍ നിന്നാണ് തീ പടര്‍ന്നത്. വിവരമറിഞ്ഞ ഉടന്‍ ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അഗ്‌നിശമന സേന തീ പൂര്‍ണമായും അണച്ചു.

നിലവില്‍ ഐജിഐ ആശുപത്രിയില്‍ നിരവധി പേര്‍ ചികിത്സയിലുണ്ട്. തീയില്‍ നിന്ന് രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ രണ്ട് പേര്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തിവരികയാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.