വിഖ്യാതനായ ടെന്നീസ് താരം ആര്‍തര്‍ ആഷൈ 1983 ല്‍ ഹൃദയശസ്ത്രക്രിയക്ക് വിധേയനായപ്പോള്‍ മറ്റൊരാളില്‍ നിന്നും രക്തം സ്വീകരിക്കേണ്ടിവന്നു.
പക്ഷേ, ആ വ്യക്തി ഒരു എയ്ഡ്‌സ് രോഗിയായിരുന്നു. ഈ വിവരം അറിയാതെ രക്തം സ്വീകരിച്ച ആര്‍തര്‍ ആഷെയും ഒരു എയ്ഡ്‌സ് രോഗിയായി മാറി. ഗാലറികള്‍ക്ക് ആവേശമായിരുന്ന ആഷെയുടെ അവസ്ഥ ഏറ്റവുമധികം വേദനിപ്പിച്ചതും അദ്ദേഹത്തിന്റെ ആരാധകരെയായിരുന്നു.
അദ്ദേഹത്തിന് സാന്ത്വനമായി ആയിരക്കണക്കിന് ആളുകളാണ് കത്തുകളയച്ചത്. അതില്‍ ഒരു ആരാധകന്‍ ഇങ്ങനെ ചോദിച്ചു: എന്തിനാണ് ഈയൊരു രോഗം ദൈവം അങ്ങേക്കായി കരുതിവെച്ചത്?
ഇതിന് ആഷെ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ലോകമെമ്പാടും 500 ലക്ഷം കുട്ടികള്‍ ടെന്നീസ് കളിക്കാറുണ്ട്. അതില്‍ 50 ലക്ഷം ആളുകളാണ് ടെന്നീസ് ശരിയായ രീതിയില്‍ കളിക്കുവാന്‍ പഠിക്കുന്നത്. ഇതില്‍ 5 ലക്ഷം പേര്‍ പ്രൊഫഷണല്‍ രീതിയില്‍ ടെന്നീസ് കളിക്കാന്‍ കഴിയുന്നവരാണ്. ഇതില്‍ അമ്പതിനായിരം പേരാണ് സര്‍ക്യൂട്ട് തലം വരെ എത്തുന്നത്. ഇതില്‍ അയ്യായിരം പേര്‍ക്കാണ് ഗ്രാന്‍സ്ലാമില്‍ മത്സരിക്കാനുളള ഭാഗ്യം ലഭിക്കുന്നത്. 50 പേരാണ് വിംബിള്‍ഡണ്‍ വരെയെത്തുന്നത്. നാലുപേര്‍ സെമിഫൈനലിലെത്തും. അവസാനം രണ്ടുപേര്‍ ഫൈനലിലെത്തുന്നു.
ഇതിന്റെ അവസാനം വിംബിംള്‍ഡണ്‍ കപ്പ് സ്വന്തമാക്കിയപ്പോള്‍ എന്തിനാണ് എന്നെ തിരഞ്ഞെടുത്തത് എന്ന് ഞാനൊരിക്കലും ദൈവത്തോട് ചോദിച്ചിട്ടില്ല. പിന്നെയെന്തിനാണ് വേദനകള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ ഇതെന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് ദൈവത്തോട് ഞാന്‍ ചോദിക്കുന്നത്?
49-ാമത്തെ വയസ്സില്‍ മരിക്കുന്നത് വരെ ജീവിതത്തെ പുഞ്ചിരിയോടുകൂടി നേരിടുവാന്‍ സഹായിച്ചത്, പ്രശ്‌നങ്ങളെ വ്യത്യസ്തമായ ഒരു കണ്ണാടിയിലൂടെ നോക്കികാണുവാനുളള ആഷെയുടെ കഴിവായിരുന്നു.
നമുക്കും ഇത് പരിശീലിക്കാം, ജീവിതത്തിലെ പ്രശ്‌നങ്ങളേയും പ്രയാസങ്ങളേയും വ്യത്യസ്തമായ ഒരു കണ്ണാടിയിലൂടെ നോക്കികാണാന്‍ ശ്രമിക്കാം. – ശുഭദിനം.



