അതിജീവനാഭ്യാസങ്ങള്‍ പരിശീലിക്കാം.. ഒപ്പം ഓരോ നിമിഷവും ആസ്വദിക്കാനും

രാജ്യം വലിയ പട്ടിണിയിലേക്ക് കടക്കാന്‍ പോവുകയാണെന്ന് രാജാവിന് മനസ്സിലായി. കാലാവസ്ഥാവ്യതിയാനം തന്റെ രാജ്യത്ത് വന്‍ വിപത്താണ് വിതച്ചത്.

വളരെ കഷ്ടപ്പെട്ട് അദ്ദേഹം തന്റെ ഖജനാവ് കാലിയാകാതെ രാജ്യത്തെ രക്ഷിച്ചു. പക്ഷേ, ഇനിയും ഇത്തരം അവസരങ്ങള്‍ തന്നെ തേടിവരുമോ എന്ന് പേടിച്ച് ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായി.

അദ്ദേഹം രാജഗുരുവിനെ തേടിയെത്തി. ഗുരു ഒരു വഴി ഉപദേശിച്ചു. രാജഭരണം മറ്റൊരാളെ ഏല്‍പ്പിക്കുക. രാജാവ് ഗുരുവിന് തന്നെ രാജഭരണം ഏല്‍പ്പിച്ചു. ഒരു ഉദ്യോഗസ്ഥനായി മാറി തന്റെ ജോലികള്‍ കൃത്യമായി രാജാവ് നിറവേറ്റി.

അദ്ദേഹത്തിന്റെ പേടിമാറി. ഉറക്കം തിരിച്ചെത്തി. കൂടുതല്‍ ഉന്മേഷത്തോടെ അദ്ദേഹം തന്റെ ജോലി ചെയ്തുതീര്‍ത്തു. തനിക്ക് വന്ന മാറ്റത്തിന് കാരണം തേടി ഗുരുവിനടുത്തെത്തിയ രാജാവിനോട് ഗുരു പറഞ്ഞു:

ഇപ്പോള്‍ അങ്ങ് ഈ ഭരണം ഒരു ബാധ്യതയായി കാണാതെ ചുമതലായി കണ്ടു. അതാണ് താങ്കളുടെ ഈ മാറ്റത്തിന് കാരണം. നമുക്ക് രണ്ടുരീതിയില്‍ ജോലി ചെയ്യാം. ആസ്വദിച്ചും ആശങ്കപ്പെട്ടും.

പൂര്‍ണ്ണസംതൃപ്തിയും പൂര്‍ണ്ണ അതൃപ്തിയും സമ്മാനിക്കുന്ന ഒരു കര്‍മ്മവീഥിയും ഉണ്ടാകില്ല. ഏത് മേഖല തിരഞ്ഞെടുത്താലും ആ വഴികളിലെല്ലാം അസ്വസ്ഥതയും ആനന്ദവും ഉണ്ടായിരിക്കും. സമരസപ്പെടാനും മറികടക്കാനുമുളള കഴിവാണ് ഓരോ ചുവടുകളെയും ചലാനാത്മകമാക്കുന്നത്.

ജീവിതത്തില്‍ അര്‍ദ്ധവിരാമങ്ങള്‍ നല്ലതാണ്. വിശ്രമിക്കാനും വിചിന്തനം ചെയ്യാനും സ്വയം പ്രചോദിപ്പിക്കാനും അത്തരം ഇടവേളകള്‍ പ്രയോജനം ചെയ്യും. പക്ഷേ, ജീവിതത്തില്‍ പൂര്‍ണ്ണവിരാമമിട്ടാല്‍ പിന്നെയൊരു തിരിച്ചുവരവ് ഉണ്ടായെന്ന് വരില്ല.

അതിജീവനാഭ്യാസങ്ങള്‍ സ്വയം പരിശീലിക്കാം.. ഒപ്പം ആസ്വദിക്കാന്‍ ശീലിക്കാം ഓരോ നിമിഷവും

– ശുഭദിനം.