ഹോര്‍മുസ് കടലിടുക്കിന് സമീപം മൈനുകള്‍ സ്ഥാപിക്കാനെത്തിയ ഇറാനിയൻ കപ്പലുകളെ തകര്‍ത്ത് അമേരിക്ക

ടെഹ്റാൻ: തുടർച്ചയായ പന്ത്രണ്ടാം ദിനവും പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു. ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകള്‍ അമേരിക്ക തകർത്തെന്ന് റിപ്പോർട്ട്.

കുഴിബോംബുകള്‍ വിന്യസിക്കാൻ ഉപയോഗിക്കുന്ന 16 മൈൻ ലെയറുകള്‍ ഉള്‍പ്പെടെയുള്ള കപ്പലുകളാണ് യുഎസ് സൈന്യം തകർത്തത്. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൻ്റെ ദൃശ്യങ്ങള്‍ യുഎസ് സെൻട്രല്‍ കമാൻഡ് പുറത്തുവിട്ടു.

ലോകത്തെ അസംസ്‌കൃത എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കില്‍ ഇറാൻ മൈനുകള്‍ സ്ഥാപിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച്‌ സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ ശക്തമായ നീക്കം.

ഇറാന്‍റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രയേലും. ഇറാൻ തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളില്‍ പുതിയ ആക്രമണ പരമ്പരയാണ് ഇസ്രയേല്‍ നടത്തിയത്. പലയിടത്തും സ്ഫോടനങ്ങള്‍ ഉണ്ടായി.

അതേസമയം, ഇസ്രയേല്‍-അമേരിക്ക ആക്രമണങ്ങള്‍ക്ക് മിസൈല്‍ ആക്രമണത്തിലൂടെ ഇറാൻ തിരിച്ചടിച്ചു. സെൻട്രല്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ പായുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

ബഹ്റൈനിലും, ഇറാഖി കുർദിസ്താനിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ വിപ്ലവസേന ആക്രമണം നടത്തിയെന്ന് ഇറാനി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പടക്കപ്പല്‍ മുക്കിയത് ക്ഷമിക്കില്ലെന്നും രക്ഷാ പ്രവർത്തനം വരെ തടഞ്ഞ അമേരിക്ക കാണിച്ചത് നാസികളെക്കാള്‍ മോശം സമീപനമാണെന്നും ഇറാൻ പറയുന്നു.

ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍റെ ആക്രമണം നേരിടാൻ യുക്രെയ്ൻ സേന എത്തുമെന്ന് പ്രസിഡന്‍റ് വൊളോഡിമർ സെലൻസ്കി അറിയിച്ചു. ഇറാനിയൻ ഡ്രോണുകളെ നേരിടാൻ യുക്രെയ്ൻ സൈനിക വിദഗ്ധരാണ് ഗള്‍ഫിലേക്ക് എത്തുക.