ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ

പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ലോകത്തിന്റെ എണ്ണവിതരണ പാതയായ ഹോർമുസ് കടലിടുക്കിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള ഭീഷണിപ്പെടുത്തലുകള്‍ പുതിയ തലത്തിലേക്ക്.

ഇറാന്റെ ഭാഗത്തുനിന്ന് ഇസ്രയേലിനോ അമേരിക്കയ്ക്കോ എതിരെ നീക്കമുണ്ടായാല്‍ കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. എണ്ണക്കപ്പലുകള്‍ക്ക് തടസ്സം സൃഷ്ടിക്കാനോ അമേരിക്കൻ ആസ്തികളെ ആക്രമിക്കാനോ മുതിർന്നാല്‍ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇറാൻ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തിയാല്‍ അത് ആ രാജ്യത്തിന്റെ അന്ത്യമായിരിക്കും. പിന്നീട് ആ പേര് ആരും കേള്‍ക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

അമേരിക്കയുടെ ഭീഷണിക്ക് തൊട്ടുപിന്നാലെ ശക്തമായ മറുപടിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ(IRGC) രംഗത്തെത്തി. അമേരിക്കയുടെയോ സയണിസ്റ്റ് ഭരണകൂടത്തിന്റെയോ (ഇസ്രയേല്‍) ആക്രമണം തുടരുകയാണെങ്കില്‍ മേഖലയില്‍നിന്ന് ഒരു ലിറ്റർ എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.

ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ കടലിടുക്കിലൂടെയാണ്. സംഘർഷം രൂക്ഷമായതോടെ നിലവില്‍ ഈ വഴിയുള്ള ചരക്കുകപ്പല്‍ ഗതാഗതം ഏതാണ്ട് നിലച്ച മട്ടാണ്. വിതരണം തടസ്സപ്പെടുമെന്ന ഭീതിയെത്തുടർന്ന് തിങ്കളാഴ്ച ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 120 ഡോളറിലെത്തി. ഇത് കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള അമേരിക്കൻ നീക്കവും അതിനെ പ്രതിരോധിക്കാനുള്ള ഇറാന്റെ ശ്രമങ്ങളും പശ്ചിമേഷ്യയെ കൂടുതല്‍ സങ്കീർണ്ണമായ യുദ്ധമുഖത്തേക്ക് എത്തിച്ചിരിക്കുകയാണ്. വരുംദിവസങ്ങളില്‍ സംഘർഷം ലഘൂകരിക്കപ്പെട്ടില്ലെങ്കില്‍ ആഗോള എണ്ണ വിപണി കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നു.