ഉത്തരേന്ത്യയിലെ പ്രമുഖ ക്രൈസ്തവ സമ്മേളനമായ ഹാർവെസ്റ്റ് മിഷൻ ഫെസ്റ്റിവലിന് തുടക്കമായി. മിഷൻ കോളജ് കാമ്പസിൽ ആരംഭിച്ച കൺവൻഷൻ ഡയറക്ടർ റവ. ബാബു ജോൺ ഉൽഘാടനം ചെയ്തു.

കലുഷിതമായ ഇന്നത്തെ ലോകാന്തരീക്ഷത്തിൽഏക പ്രതീക്ഷ ക്രിസ്തു മാത്രമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ അൽപ്പകാലത്തെ കഷ്ടം ക്രിസ്തുവിൻ്റെ പുനരാഗമനത്തോടെ ഇല്ലാതാകും. അശാന്തിയുടെ ഈ ലോകത്ത് വിശ്വാസികൾ ആകുലചിത്തരാകേണ്ടതില്ല. പീഢകൾ ആഴിച്ചുവിടുന്നവരെ സ്നേഹിക്കുക എന്നതാണ് ക്രിസ്തു ധർമ്മം.

സ്തെഫാനോസിനെ കല്ലെറിഞ്ഞു കൊന്നവരോട് ക്ഷമിക്കാനും സ്നേഹിക്കാനും കഴിഞ്ഞപ്പോഴാണ് ക്രിസ്തുവിൻ്റെ മഹത്വം ദർശിക്കാനായത്. ക്ഷമിക്കാൻ കഴിഞ്ഞാൽ നമുക്കായി സ്വർഗ്ഗം തുറക്കും. പിതാവിൻ്റെ വലതുഭാഗത്ത് ക്രിസ്തു എഴുന്നേറ്റ് നിന്ന് സ്തെഫാനോസിനെ സ്വീകരിച്ചത് നാം എപ്പോഴും ഓർത്തിരിക്കണം.
പിതാവായ ദൈവം ഒരു മിഷനറിയായി യേശുവിനെ ലോകത്തേക്ക് അയച്ചു. ആർക്കും വേണ്ടാത്തവരെ ക്രിസ്തു മാറോടണച്ചു. ഈ ദൗത്യമാണ് ഹാർവെസ്റ്റ് മിഷൻ ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാവിലെ നടന്ന ഉൽഘാടന സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ റവ. ബിജു ജോൺ അദ്ധ്യക്ഷത വഹിച്ചു. റവ. വി.റ്റി. മാത്യു പ്രസംഗിച്ചു.


