മുജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. മുന്‍ നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് മുജ്തബ ഹുസൈനി ഖമേനി.
ഇറാനിലെ പണ്ഡിത സഭയാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. ടെഹ്റാന്‍ സമയം അര്‍ധരാത്രിയോടെയാണ് പുതിയ പരമോന്നത സുപ്രധാന പ്രഖ്യാപനമുണ്ടായത്. പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള 88 അംഗ സമിതിയാണ് മുജതബയെ ആയത്തുള്ള അലി ഖമേനിയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും, ഇസ്രയേലിന്റെയും ഭീഷണികള്‍ തള്ളിയാണ് പരമോന്നത നേതാവ് സ്ഥാനത്തേക്കുള്ള മുജ്തബയുടെ കടന്നുവരവ്.
മുജ്തബയെ പരമോന്നത നേതാവായി അംഗീകരിക്കില്ലെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തനിക്ക് ഒരു പങ്കുണ്ടാകണമെന്നും ട്രംപ് വ്യക്തമാക്കി. ഇതിനിടെ ഖമേനിയുടെ പിന്‍ഗാമി ആരാണെങ്കിലും അവരെ വേട്ടയാടുമെന്നായിരുന്നു ഇസ്രയേല്‍ നിലപാട്.
അലി ഖമേനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 56കാരനായ മുജ്തബ ഖമേനി. ഐആര്‍ജിസി ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങള്‍ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്.



