ചരിത്രമെഴുതി ഇന്ത്യ! ട്വന്‍റി20 ലോകകപ്പിൽ മൂന്നാം കിരീടം; ന്യൂസിലൻഡിനെ 96 റൺസിന് തോൽപിച്ചു

അഹഅഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ റണ്‍മല ഉയര്‍ത്തി ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് അടിച്ചുകൂട്ടി.

തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ തിളങ്ങി. 46 പന്തില്‍ 89 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇഷാന്‍ കിഷന്‍ 25 പന്തില്‍ നിന്ന് 54 റണ്‍സ് എടുത്തു. അഭിഷേക് ശര്‍മ 21 പന്തില്‍ നിന്ന് 52 റണ്‍സും സ്വന്തമാക്കി. ശിവം ദുബെ പുറത്താകാതെ 8 പന്തില്‍ നിന്ന് 26 റണ്‍സ് അടിച്ചുകൂട്ടി. രണ്ടു സിക്‌സും മൂന്നും ഫോറും അടങ്ങുന്നതാണ് ദുബെയുടെ സ്‌കോര്‍..

ഇന്നിങ്‌സിന്റെ ആദ്യ നാലുപന്തുകളിലും റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും അഞ്ചാം പന്തിൽ സിക്‌സറോടെ സഞ്ജുവാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ ഓവറിൽ ഏഴ് റൺസും രണ്ടാം ഓവറിൽ അഞ്ച് റൺസും പിറന്നു. പിന്നീട് സഞ്ജുവും അഭിഷേകും വെടിക്കെട്ടിന് തിരികൊളുത്തി. ജേക്കബ് ഡഫി എറിഞ്ഞ മൂന്നാം ഓവറിൽ 15 റൺസാണ് സഞ്ജുവും അഭിഷേകും ചേർന്ന് അടിച്ചെടുത്തത്. സിക്‌സറുകൾ പറപറന്നതോടെ നാലാം ഓവറിൽ 24 റൺസും പിറന്നു. അതോടെ നാലോവറിൽ സ്‌കോർ 51 ലെത്തി. അഞ്ചാം ഓവറിൽ 21 റൺസും ആറാം ഓവറിൽ 20 റൺസും അടിച്ചെടുത്ത് ഇന്ത്യൻ ഓപ്പണർമാർ കത്തിക്കയറിയതോടെ കിവീസ് ബൗളർമാർക്ക് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.

ആറോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 92 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. ആറാം ഓവറിൽ അഭിഷേക് അർധസെഞ്ചുറിയും തികച്ചു. 18 പന്തിലാണ് ഫിഫ്റ്റി. എന്നാൽ ഏട്ടാം ഓവറിൽ അഭിഷേക് പുറത്തായി. 21 പന്തിൽ 52 റൺസെടുത്താണ് താരം പുറത്തായത്. പിന്നാലെയിറങ്ങിയ ഇഷാൻ കിഷനുമൊത്ത് സഞ്ജു ഇന്ത്യയെ മുന്നോട്ടുനയിച്ചു. ഇഷാനും തകർത്തടിച്ചതോടെ ഇന്ത്യ കുതിച്ചു. പത്തോവർ അവസാനിക്കുമ്പോൾ 127-1 എന്ന നിലയിലായിരുന്നു ഇന്ത്യ.

പിന്നാലെ സഞ്ജുവിന്റെ ഫിഫ്റ്റിയുമെത്തി. 33 പന്തിലാണ് സഞ്ജു അർധസെഞ്ചുറിയെത്തിയത്. അനാവശ്യഷോട്ടുകൾക്ക് മുതിരാതെ ശ്രദ്ധയോടെ കളിക്കുന്ന ഒരു പ്രൊഫഷണൽ ക്ലാസ് ഇന്നിങ്സായിരുന്നു സഞ്ജുവിന്റേത്. അർധസെഞ്ചുറിക്ക് പിന്നാലെ താരം ട്രാക്ക് മാറ്റി. കിവീസ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഒപ്പം ഇഷാനും ചേർന്നതോടെ അഹമ്മദാബാദ് അക്ഷരാർഥത്തിൽ ആവേശക്കടലായി മാറി.

12-ാം ഓവറിലാണ് ഇന്ത്യ 150 കടക്കുന്നത്. ലോക്കി ഫെർഗൂസൺ എറിഞ്ഞ ആ ഓവറിൽ രണ്ട് സിക്‌സറുകളും ഒരു ഫോറുമാണ് മലയാളി താരം അടിച്ചെടുത്തത്. ആകെ പിറന്നത് 24 റൺസ്. രചിൻ രവീന്ദ്ര എറിഞ്ഞ 14-ാം ഓവറിലെ അവസാന മൂന്ന് പന്തുകളും സഞ്ജു അതിർത്തികടത്തി. അതോടെ ടീം 191 ലെത്തി. 15-ാം ഓവറിലാകട്ടെ ഇഷാൻ കിഷന്റെ ഫിഫ്റ്റിയുമെത്തി. ആ ഓവറിൽ തന്നെ ഇന്ത്യ 200 റൺസും കടന്നു.

ഇന്ത്യൻ ബാറ്റർമാർ താണ്ഡവമാടിയ അഹമ്മദാബാദിൽ പിന്നീട് കിവീസ് തിരിച്ചടിക്കുന്നതാണ് കണ്ടത്. ജയിംസ് നീഷാം എറിഞ്ഞ 16-ാം ഓവറിലെ ആദ്യ പന്തിൽ സഞ്ജു മടങ്ങി. ലോങ് ഓണിൽ ക്യാച്ചായി പുറത്താകുമ്പോൾ 46 പന്തിൽ 89 റൺസായിരുന്നു മലയാളി താരത്തിന്റെ സമ്പാദ്യം. അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. സെമിയിൽ ഇംഗ്ലണ്ടിനെതിരേ കുറിച്ച അതേ സ്‌കോർ. ഓവറിലെ അഞ്ചാം പന്തിൽ ഇഷാൻ കിഷനും അവസാന പന്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും വീണതോടെ ഇന്ത്യ അൽപ്പം പ്രതിരോധത്തിലായി. ഇഷാൻ 25 പന്തിൽ നിന്ന് 54 റൺസെടുത്തപ്പോൾ സൂര്യ ഗോൾഡൻ ഡക്കായി മടങ്ങി. 16 ഓവറിൽ ഇന്ത്യ 204-4.

പിന്നീട് ബൗളർമാർ പിടിമുറുക്കിയതോടെ ഇന്ത്യയുടെ റണ്ണൊഴുക്ക് കുറഞ്ഞു. ഹാർദിക്കും തിലക് വർമയും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. 18 ഓവർ കഴിയുമ്പോൽ 220 റൺസായിരുന്നു ഇന്ത്യയെടുത്തത്. ഹാർദിക് 18 റൺസുമായി പുറത്തായി. അവസാന ഓവറിൽ ദുബെ വെടിക്കെട്ട് നടത്തിയപ്പോൾ പിറന്നത് 24 റൺസ്. അതോടെ ഇന്ത്യ 255 ലെത്തി.