‘ഇറാനെ ആക്രമിക്കാൻ താവളമൊരുക്കിയ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം തുടരും’; പെസഷ്കിയാനെ തള്ളി ചീഫ് ജസ്റ്റിസും IRGCയും

അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ്റെ പ്രസ്താവന തള്ളി ഇറാൻ ചീഫ് ജസ്റ്റിസും ഐ ആർ ജി സിയും.

ഇറാനെ ആക്രമിക്കാൻ പ്രദേശത്ത് താവളമൊരുക്കിയ രാജ്യങ്ങള്‍ക്കു നേരെ ആക്രമണം തുടരുമെന്ന് ചീഫ് ജസ്റ്റിസ് മുഹ്സനി ഇസെയ് വ്യക്തമാക്കി. അമേരിക്കൻ സൈനിക താവളങ്ങള്‍ക്കു നേരെ ആക്രമണം തുടരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ്.

അയല്‍ രാജ്യങ്ങളെ ആക്രമിച്ച നടപടിയില്‍ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ സമൂഹമാധ്യമ പോസ്റ്റില്‍ വിഡിയോ അഭിസംബോധനയിലെ മാപ്പപേക്ഷ പെസഷ്കിയാൻ്റെ ഓഫീസ് തിരുത്തി. അമേരിക്കൻ സൈനിക താവളങ്ങള്‍ക്കു നേരെ ആക്രമണം തുടരുമെന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

അതിനിടെ ബ്രിട്ടൻ മധ്യപൂർവേഷ്യയിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ അയയ്ക്കുന്നതിനെക്കുറിച്ച്‌ ഒടുവില്‍ ചിന്തിച്ചു തുടങ്ങിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. യുദ്ധം വിജയിച്ചതിനുശേഷം യുദ്ധങ്ങളില്‍ ചേരുന്ന ആളുകളെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ട്രൂത്ത് സോഷ്യലില്‍ ഡോണള്‍ഡ് ട്രംപിന്റെ പരിഹാസം.