ആകുലതകളുടെ കരിനിഴലിൽ പ്രത്യാശയുടെ പൊൻവെളിച്ചം: മിഡിൽ ഈസ്റ്റും നാളെയുടെ വാഗ്ദാനവും

എബി ജോയ്
പുൽപ്പള്ളി

“നിങ്ങൾ ഒന്നുകൊണ്ടും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ യാചനകൾ സ്തോത്രത്തോടും കൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.” (ഫിലിപ്പിയർ 4:6)

ലോകം മുഴുവൻ ഒരു വലിയ അനിശ്ചിതത്വത്തിന്റെ നിഴലിലാണ്. വിശേഷിച്ചും നമ്മൾ പ്രവാസികളായി പാർക്കുന്ന ഈ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ യുദ്ധത്തിന്റെ കാഹളം കേൾക്കുമ്പോൾ, “നാളെ എന്താകും?” എന്ന ചോദ്യം ഓരോ വിശ്വാസിയുടെയും ഉള്ളിൽ ഒരു ഭാരമായി മാറുന്നുണ്ടാകാം. യുദ്ധവാർത്തകളും, സാമ്പത്തിക പ്രതിസന്ധികളും, തൊഴിൽപരമായ ആശങ്കകളും നമ്മുടെ സമാധാനം കെടുത്തിയേക്കാം. എന്നാൽ, ഈ കലുഷിതമായ സാഹചര്യത്തിലും ദൈവപൈതലിന് മുറുകെ പിടിക്കാൻ ഒരു വലിയ ഉറപ്പുണ്ട്.

ലോകം ഭയപ്പെടുമ്പോൾ നാം പ്രത്യാശിക്കുന്നു – മിഡിൽ ഈസ്റ്റിലെ ഇപ്പോഴത്തെ അവസ്ഥ സങ്കീർണ്ണമാണ്. യുദ്ധത്തിന്റെ ഭീഷണി ഗൾഫ് രാജ്യങ്ങളുടെ സൈ്വരജീവിതത്തെ ബാധിക്കുമോ എന്ന ഭയം പലരിലും നിഴലിക്കുന്നു. സ്വന്തം നാടും വീടും ഉപേക്ഷിച്ച്, മറുനാട്ടിൽ വിയർപ്പൊഴുക്കുന്നത് കുടുംബത്തിന്റെ നല്ലൊരു നാളേയ്ക്ക് വേണ്ടിയാണ്. ആ സ്വപ്നങ്ങൾ തകരുമോ എന്ന വ്യാകുലത സ്വാഭാവികമാണ്.

എങ്കിലും വചനം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇങ്ങനെയാണ്: “ഭൂമി മാറിപ്പോയാലും പർവ്വതങ്ങൾ കടൽമദ്ധ്യേ വീണാലും നാം ഭയപ്പെടുകയില്ല.” (സങ്കീർത്തനങ്ങൾ 46:2). ലോകം യുദ്ധത്തെക്കുറിച്ചും തകർച്ചയെക്കുറിച്ചും സംസാരിക്കുമ്പോൾ, നാം സംസാരിക്കേണ്ടത് നമ്മെ വഴിനടത്തുന്ന ഇടയനെക്കുറിച്ചാണ്. ഗൾഫ് രാജ്യങ്ങൾ പടുത്തുയർത്തപ്പെട്ടത് ദൈവത്തിന്റെ വലിയ കൃപയാലാണ്. അനേകം മിഷനറിമാരെയും വിശ്വാസികളെയും താങ്ങുന്ന ഈ മണ്ണ് അവിടുത്തെ കരങ്ങളിൽ സുരക്ഷിതമാണ്.

ഒന്നിനെക്കുറിച്ചും ഭാരപ്പെടരുത് – നമ്മുടെ ഉത്കണ്ഠകൾ കൊണ്ട് ലോകത്തിന്റെ അവസ്ഥ മാറ്റാൻ നമുക്ക് കഴിയില്ല. എന്നാൽ പ്രാർത്ഥന കൊണ്ട് സാഹചര്യങ്ങളെ മാറ്റാൻ ദൈവത്തിന് കഴിയും. “നിങ്ങളുടെ ചിന്താകുലമൊക്കെയും അവന്റെമേൽ ഇട്ടു കൊള്ളുവിൻ; അവൻ നിങ്ങൾക്കായി കരുതുന്നുവല്ലോ.” (1 പത്രോസ് 5:7). ഗൾഫിലെ പ്രിയപ്പെട്ടവരോട് എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളുടെ ജോലിയിലോ, വിസയിലോ, സുരക്ഷിതത്വത്തിലോ ഉള്ള ഭാരം കർത്താവിന്റെ പാദപീഠത്തിൽ വെക്കുക. ഈ ദേശം ഇത്രയും കാലം നമ്മെ പോറ്റിയത് ദൈവത്തിന്റെ പദ്ധതി പ്രകാരമാണ്. ആ പദ്ധതി ഇനിയും തുടരും.

നാളെ നല്ലൊരു ദിവസം തുറക്കപ്പെടും -ഇന്നലത്തെ ഇരുട്ടിനെ മാറ്റാൻ സൂര്യന് കഴിഞ്ഞതുപോലെ, ഇന്നത്തെ ഈ സംഘർഷങ്ങളെ മാറ്റി സമാധാനം കൊണ്ടുവരാൻ സമാധാന പ്രഭുവായ കർത്താവിന് സാധിക്കും. മിഡിൽ ഈസ്റ്റിലെ ഈ മണൽത്തരികളിൽ പടരുന്ന യുദ്ധാഗ്നിയെ ശമിപ്പിക്കാൻ ദൈവത്തിന് കഴിയുമെന്ന് നാം വിശ്വസിക്കുന്നു.

നാളെ നമുക്ക് മുന്നിൽ തുറക്കപ്പെടുന്നത് ഭയത്തിന്റേതല്ല, മറിച്ച് പുതിയ കൃപയുടേയും അത്ഭുതങ്ങളുടേയും വാതിലുകളായിരിക്കും. പ്രത്യാശ കൈവിടാതെ മുട്ടിന്മേൽ നിൽക്കാം. ദേശത്തിന് വേണ്ടി മധ്യസ്ഥത വഹിക്കാം. ലോകം നൽകുന്ന സമാധാനമല്ല, ദൈവം നൽകുന്ന ആഴമേറിയ സമാധാനം നമ്മുടെ ഹൃദയങ്ങളെ കാക്കട്ടെ.

ഭയപ്പെടേണ്ട, അവിടുന്ന് കൂടെയുണ്ട്!