ഇന്ത്യൻ മഹാ സമുദ്രത്തില്‍ വെച്ച് അമേരിക്ക ആക്രമിച്ച് തകര്‍ത്ത ഇറാനിയൻ യുദ്ധകപ്പല്‍ വിശാഖപട്ടണത്തുവെച്ച് നടന്ന സൈനികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ട്.
ഇറാനുനേർക്ക് യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായി ആയിരുന്നു ശ്രീലങ്കൻ സമുദ്രാതിർത്തിക്ക് അടുത്തുവെച്ച് ബുധനാഴ്ച പുലർച്ചെ ആക്രമണം നടന്നത്.
ഫെബ്രുവരി 15 മുതല്‍ 25 വരേയായിരുന്നു വിശാഖപട്ടണത്ത് വെച്ച് മിലാൻ 2026 ബഹുരാഷ്ട്ര നാവിക സേനാഭ്യാസം നടന്നത്. ഇതില്‍ പങ്കെടുക്കാനായാണ് ഐറിസ് ദെന എന്ന ഇറാന്റെ സൈനിക കപ്പല്‍ ഇന്ത്യയില്‍ എത്തിയത്. ഇതില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ 80 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്കയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍, മരണസംഖ്യ യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 32 പേരെ ശ്രീലങ്കൻ അധികൃതർ രക്ഷപ്പെടുത്തിയതായാണ് വിവരം. 148 ഓളം പേരെ കാണാതായെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി ഒരു ശത്രുരാജ്യത്തിന്റെ യുദ്ധക്കപ്പല്‍ അന്തർവാഹിനി ഉപയോഗിച്ച് തകർത്തതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തില്‍ വെച്ചാണ് ഇറാന്റെ ഐറിസ് ദെന എന്ന കപ്പല്‍ അമേരിക്കൻ സബ്മറൈൻ വിക്ഷേപിച്ച ടോർപ്പിഡോയേറ്റ് തകർന്നത്.
“ഇന്നലെ ഇന്ത്യൻ മഹാസമുദ്രത്തില്‍ വെച്ച്, അന്താരാഷ്ട്ര സമുദ്രാതിർത്തിയില്‍ സുരക്ഷിതരാണെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പലിനെ അമേരിക്കൻ സബ്മറൈൻ മുക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ടോർപ്പിഡോ ഉപയോഗിച്ച് ഒരു ശത്രുക്കപ്പല്‍ മുക്കുന്നത് ഇതാദ്യമായാണ്.”- ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചുകൊണ്ട് ഹെഗ്സെത്ത് പറഞ്ഞു.
പ്രസിഡന്റ് ട്രംപിനെ വധിക്കാൻ ശ്രമിച്ച യൂണിറ്റിന്റെ തലവനെ വേട്ടയാടി കൊലപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. “ഇറാൻ ട്രംപിനെ കൊല്ലാൻ ശ്രമിച്ചു, എന്നാല്‍ ട്രംപാണ് ഒടുവില്‍ വിജയിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീലങ്കയിലെ ഗാലെ തുറമുഖ നഗരത്തില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം നടന്നത്. 180 നാവികരുണ്ടായിരുന്ന കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടർന്ന് ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി. 30 ഓളം നാവികരെ പരിക്കുകളോടെ ദക്ഷിണ ലങ്കയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗാലെയിലെ പ്രധാന ആശുപത്രിയില്‍ അടിയന്തര സാഹചര്യം നേരിടാൻ മുൻകരുതല്‍ സ്വീകരിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം തങ്ങള്‍ക്കാണെന്നും ആ വഴി പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയായി ഓയില്‍ ടാങ്കറുകള്‍ക്ക് സംരക്ഷണം നല്കാൻ അമേരിക്കൻ നാവികസേന സജ്ജമാണെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ സംഘർഷങ്ങള്‍ക്കിടയിലാണ് ഇറാനിയൻ നാവികസേനയുടെ കരുത്തായ ഐറിസ് ദെന തകർക്കപ്പെടുന്നത്.



