ആവശ്യമെങ്കിൽ യുഎസ് നാവികസേന ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾക്ക് അകമ്പടിപോകും-ട്രംപ്

വാഷിങ്ടണ്‍: അന്താരാഷ്ട്ര ഊര്‍ജവിപണിയെ ആശങ്കയിലാഴ്ത്തി ഹോര്‍മുസ് കടലിടുക്ക് അടച്ചിടാനുള്ള ഇറാന്റെ നീക്കത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആവശ്യമെങ്കില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകളെ അമേരിക്കന്‍ നാവികസേന അനുഗമിക്കുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

‘ആവശ്യമെങ്കില്‍, അമേരിക്കന്‍ നാവികസേനയ്ക്ക് ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറുകളെ അനുഗമിക്കാന്‍ തുടങ്ങും. ലോകത്തിലേക്ക് സ്വതന്ത്രമായ എണ്ണ ഒഴുക്ക് ഉറപ്പാക്കാന്‍ യുഎസിന് കഴിയും’ ട്രംപ് വ്യക്തമാക്കി.

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ഗള്‍ഫ് വഴിയുള്ള സമുദ്ര വ്യാപാരത്തിന് റിസ്‌ക് ഇന്‍ഷുറന്‍സും സാമ്പത്തിക ഗ്യാരണ്ടികളും നല്‍കണമെന്ന് ട്രംപ് യുഎസ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനോട് (ഡിഎഫ്‌സി) നിര്‍ദ്ദേശിച്ചു.

‘ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരട്ടെ, ഗള്‍ഫ് വഴിയുള്ള എല്ലാ സമുദ്ര വ്യാപാരത്തിനും, പ്രത്യേകിച്ച് ഊര്‍ജത്തിനും, വളരെ ന്യായമായ വിലയ്ക്ക്, റിസ്‌ക് ഇന്‍ഷുറന്‍സും സാമ്പത്തിക സുരക്ഷയ്ക്കുള്ള ഗ്യാരണ്ടികളും നല്‍കാന്‍ ഞാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനോട് ഉത്തരവിട്ടു. ഇത് എല്ലാ ഷിപ്പിംഗ് ലൈനുകള്‍ക്കും ലഭ്യമാകും. ആവശ്യമെങ്കില്‍, യുഎസ് നാവികസേന എത്രയും വേഗം ഹോര്‍മുസ് കടലിടുക്കിലൂടെ ടാങ്കറുകള്‍ക്ക് അകമ്പടി സേവിക്കാന്‍ തുടങ്ങും. എന്തുതന്നെയായാലും, ലോകത്തിലേക്ക് സ്വതന്ത്രമായ എണ്ണ ഒഴുക്ക് ഉറപ്പാക്കാന്‍ യുഎസിന് കഴിയും. യുഎസ് ലോകത്തിലെ ഏറ്റവുംവലിയ സാമ്പത്തിക, സൈനിക ശക്തിയാണ്. കൂടുതല്‍ നടപടികള്‍ വരാനിരിക്കുന്നു’ ട്രംപ് ട്രൂത്ത് സോഷ്യയിലൂടെ വ്യക്തമാക്കി.

ഹോര്‍മുസില്‍ തടസ്സം നേരിട്ടതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. 2024ന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ബാരലിന് 85 ഡോളറിന് മുകളിലെത്തി.

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിനെ ചങ്കിടിപ്പോടെയാണ് ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര ഊര്‍ജവിപണിയും ഉറ്റുനോക്കുന്നത്. കടലിടുക്ക് അനിശ്ചിതമായി അടച്ചിടുന്നത് ആഗോളതലത്തില്‍ എണ്ണവില നിയന്ത്രണാതീതമായി ഉയരുന്നതിനിടയാക്കുമെന്നതാണ് പ്രധാന ആശങ്ക. ലോകം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോര്‍മുസ് വഴിയാണ്. എണ്ണവില വീപ്പയ്ക്ക് 100 ഡോളര്‍ കടന്നേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു.

തങ്ങളുടെ ഊര്‍ജശാലകള്‍ ആക്രമിക്കപ്പെട്ടതോടെ ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക ഉത്പാദകരായ ഖത്തര്‍ തിങ്കളാഴ്ച ഉത്പാദനം നിര്‍ത്തിവെച്ചിരുന്നു.

ഹോര്‍മുസ് അടയ്ക്കല്‍, എണ്ണ ഏറ്റവും കൂടുതല്‍ ഇറക്കുമതിചെയ്യുന്ന ഏഷ്യയെയാകും കാര്യമായി ബാധിക്കുക. പ്രത്യേകിച്ച് ഇന്ത്യ, തായ്‌ലാന്‍ഡ്, ദക്ഷിണകൊറിയ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളെ.

2025-ലെ കണക്കനുസരിച്ച് പ്രതിദിനം 1.3 കോടി വീപ്പ എണ്ണയാണ് ഹോര്‍മുസിലൂടെ പോകുന്നത്. കടല്‍വഴിമാത്രമുള്ള അസംസ്‌കൃത എണ്ണനീക്കത്തിന്റെ 31 ശതമാനം വരും ഇതെന്ന് ഊര്‍ജ കണ്‍സള്‍ട്ടിങ് സ്ഥാപനമായ കെപ്ലര്‍ പറയുന്നു.

ആഗോളതലത്തില്‍ ദ്രവീകൃതപ്രകൃതിവാതകത്തിന്റെ 20 ശതമാനം വിതരണവും ഹോര്‍മുസ് വഴിയാണ്. ഇതെല്ലാം ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുവരുന്നതാണ്. ഇന്ത്യയുടെ എല്‍.എന്‍.ജി. ഇറക്കുമതിയുടെ 53 ശതമാനവും ഖത്തറില്‍നിന്നും യു.എ.ഇ.യില്‍നിന്നുമാണ്