യുഎസ്-ഇറാന്‍ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കവെ, കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകര്‍ന്നു വീണു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിമാനം തകരുന്നതിന് തൊട്ടുമുന്‍പ് പൈലറ്റ് പാരഷൂട്ട് വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
പൈലറ്റ് സുരക്ഷിതനാണെന്നും അദ്ദേഹത്തെ ഒരു കാറിനുള്ളില്‍ അഭയം നല്‍കിയ നിലയിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വിമാനം തകരാനുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, അമേരിക്കയുടെ തന്നെ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാകാം എന്ന സംശയം ശക്തമാണ്. ലോകത്തിലെ ഏറ്റവും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് പാട്രിയറ്റ്.
ശത്രുവിമാനങ്ങളെയും മിസൈലുകളെയും തിരിച്ചറിഞ്ഞ് നശിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ സംവിധാനത്തിന് അതീവ ജാഗ്രതാ സാഹചര്യങ്ങളില്‍ സ്വന്തം വിമാനങ്ങളെ തിരിച്ചറിയുന്നതില്‍ പിഴവ് സംഭവിച്ചതാകാമെന്ന് കരുതപ്പെടുന്നു. 2019-ല്‍ ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ മി-17 ഹെലികോപ്റ്റര്‍ സമാനമായ രീതിയില്‍ തകര്‍ക്കപ്പെട്ട സംഭവം ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കപ്പെടുന്നു.



