അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് ദാരുണാന്ത്യം

തൃശൂർ : അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് ദാരുണാന്ത്യം. വാഴച്ചാല്‍ പുകലപ്പാറയില്‍ സുന്ദരന്‍ എന്ന 50 കാരനാണ് കൊല്ലപ്പെട്ടത്. പെരിങ്ങല്‍ കുത്ത് ഡാമിന് സമീപം വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു സുന്ദരന്‍ കാട്ടാനയ്‌ക്ക് മുന്നില്‍ പെട്ടത്.

ആക്രമണത്തിൽ പരിക്കേറ്റ സുന്ദരനെ ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

പെരിങ്ങല്‍കൂത്ത് പവർ ഹൗസിനു സമീപം വെച്ച്‌ ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. സുന്ദരനും ഭാര്യയും വനത്തിനകത്ത് വിറക് ശേഖരിക്കാൻ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. വനത്തില്‍ വെച്ച് സുന്ദരനെ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ആന തുമ്പികൈ കൊണ്ട് വലിച്ചെറിഞ്ഞ സുന്ദരന്റെ വാരിയെല്ലിനും നട്ടെല്ലിനും പൊട്ടലേറ്റിരുന്നു..

ആനയെ കണ്ട് ഭയന്നോടിയ സുന്ദരന്റെ ഭാര്യയാണ് വിവരം വനംവകുപ്പ് ഓഫീസില്‍ അറിയിച്ചത്. തുടര്‍ന്നാണ് സുന്ദരനെ ചാലക്കുടി താലൂക്ക് അശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചിരുന്നു. എന്നാൽ യാത്രാമധ്യേ രാത്രി 11 മണിയോട് കൂടി മരണം സംഭവിക്കുക ആയിരുന്നു.