ഓപ്പറേഷൻ എപിക് ഫ്യൂറി; ഇറാനിൽ മരണം 250 കടന്നു, യുദ്ധം ആഴ്ചകൾ നീണ്ടേക്കുമെന്ന് ട്രംപ്

ടെഹ്റാൻ: തെഹ്റാൻ: മൂന്നാം ദിവസത്തിലേക്ക് കടന്ന ഗൾഫ് സംഘർഷം മേഖലയുടെ സമാധാനം കെടുത്തി കൂടുതൽ വ്യാപ്തിയിലേക്ക്. യുദ്ധം ആഴ്ചകൾ നീണ്ടേക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാന് നേരെ ആക്രമണം കടുപ്പിക്കുമെന്ന് അമേരിക്കയും ഇസ്രായേലും വ്യക്തമാക്കി. ഇറാൻ വിരുദ്ധ യുദ്ധത്തിന് താവളം കൈമാറുമെന്ന് ബ്രിട്ടൻ അറിയിച്ചു. അതിനിടെ സൈപ്രസിന് നേരെ വീണ്ടും ആക്രമണമുണ്ടായി. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണം കുറഞ്ഞു.

ഓപ്പറേഷൻ എപിക് ഫ്യൂറി എന്ന് അമേരിക്ക പേരിട്ടിരിക്കുന്ന ആക്രമണത്തിൽ ഇറാനിൽ മരണസംഖ്യ 250 കടന്നു. ഇറാൻ റെവല്യൂഷണറി ഗാർഡിന്‍റെ ആസ്ഥാനം തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. യുഎസിന് ഇറാൻ ആക്രമണത്തിന് ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകി. ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.ഇറാനിൽ രണ്ടായിരത്തിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. ഇറാനിൽ ഗാന്ധി ഹോസ്പിറ്റൽ പൂര്‍ണമായും ഒഴിപ്പിക്കുകയാണ്. ജീവനക്കാരേയും രോഗികളേയും മാറ്റുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയുടെ പ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

അതിനിടെ, മിഡില്‍ ഈസ്റ്റ് മേഖലയില്‍ സംഘർഷം രൂക്ഷമായതോടെ, യുഎസ്‌എസ് എബ്രഹാം ലിങ്കണ് നേരെ നാല് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു.

ഇറാൻ, ഇസ്രായേലിനും ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കും നേരെ മിസൈലുകള്‍ പ്രയോഗിച്ചു. ഈ പ്രത്യാക്രമണത്തില്‍ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ സൈന്യം അറിയിച്ചു. ജറുസലേം ഉള്‍പ്പെടെ ഇസ്രായേലിലെ പലയിടങ്ങളിലും മിസൈലുകള്‍ പതിച്ചു.

മധ്യ നഗരമായ ബെയ്റ്റ് ഷെമേഷിലെ ഒരു സിനഗോഗിലുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഇസ്രായേലിലെ ആകെ മരണസംഖ്യ 11 ആയി. ആക്രമണത്തിന് ശേഷം 11 പേരെ കാണാതായതായി പോലീസ് അറിയിച്ചു.