ഐആര്‍ജിസി കമാൻഡര്‍ മുഹമ്മദ് പാക്പൂര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍; ഖമനേയിയുടെ കൊട്ടാരം പൂര്‍ണമായി തകര്‍ന്നു

ടെല്‍അവീവ്: ഇറാനില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍.

ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളായ പാക്പൂർ 260 ദിവസമാണ് ഐആർജിസി കമാൻഡറായിരുന്നത്. മുൻ കമാൻഡർ ഹുസെെൻ സലാമിയുടെ വധത്തെ തുടർന്നാണ് ഇദ്ദേഹം ഈ സ്ഥാനത്തേക്ക് എത്തിയത്. ഇസ്രയേലിനും യുഎസിനും എന്തെങ്കിലും തെറ്റായ കണക്കുകൂട്ടലുകള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കണമെന്ന് ജനുവരിയില്‍ മുഹമ്മദ് പാക്പൂർ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാനില്‍ നടന്ന യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും ലക്ഷ്യമിട്ടതായി മുതിർന്ന ഇസ്രയേല്‍ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരുന്നു. ഖമനേയിയുടെ കൊട്ടാരം പൂർണമായി തകർന്നതായി റിപ്പോർട്ടുണ്ട്. ഖമനേയി അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ഖമേനിയുടെ കൊട്ടാരപരിസരം തകർന്ന സാറ്റ‌ലെറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്കുനേരെ ഇറാൻ മിസൈലാക്രമണം തുടരുന്നതോടെ വ്യോമഗതാഗതം പ്രതിസന്ധിയിലായി. കേരളത്തില്‍ നിന്നുള്ള നിരവധി വിമാനസർവീസുകള്‍ റദ്ദാക്കുകയും പുറപ്പെട്ട വിമാനങ്ങള്‍ തിരിച്ചുവിളിക്കുകയും ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികള്‍ സർവീസുകള്‍ നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2.38ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാല്‍ പാതിവഴിയില്‍വച്ച്‌ നെടുമ്പാശേരിയിലേക്ക് തിരിച്ചുവിളിച്ചു.