ബൊളീവിയയില്‍ കറൻസി നോട്ടുകളുമായി വന്ന വിമാനം തകര്‍ന്നു വീണു; 15 മരണം

ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപമുള്ള എല്‍ ആള്‍ട്ടോ വിമാനത്താവളത്തില്‍ പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി വന്ന ചരക്ക് വിമാനം തകർന്നു വീണു.

വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള ഹെർക്കുലീസ് സി-130 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറി സമീപത്തെ ദേശീയപാതയിലേക്ക് ഇടിച്ചിറങ്ങിയത്. അപകടത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിലും ആഘാതത്തിലും കുറഞ്ഞത് 15 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. വിമാനം ഹൈവേയിലെ ഒരു ഡസനോളം വാഹനങ്ങള്‍ക്ക് മുകളിലൂടെ തെന്നിനീങ്ങിയത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

അപകടസ്ഥലത്ത് വിമാനത്തിലുണ്ടായിരുന്ന കറൻസി നോട്ടുകള്‍ ചിതറിക്കിടക്കുന്നത് വലിയ പരിഭ്രാന്തിക്കും തിരക്കിനും കാരണമായി. ചിതറിയ നോട്ടുകള്‍ ശേഖരിക്കാൻ ജനങ്ങള്‍ തടിച്ചുകൂടിയതോടെ ഇവരെ നിയന്ത്രിക്കാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. എന്നാല്‍, ഈ നോട്ടുകള്‍ പ്രചാരത്തില്‍ വരാത്തവയായതിനാല്‍ നിലവില്‍ നിയമസാധുതയില്ലെന്ന് ബൊളീവിയൻ സെൻട്രല്‍ ബാങ്ക് പ്രസിഡന്റ് ഡേവിഡ് എസ്പിനോസ വ്യക്തമാക്കി. സീരിയല്‍ നമ്പറുകള്‍ പോലും പതിപ്പിക്കാത്ത നോട്ടുകളാണ് ലാ പാസിലേക്ക് കൊണ്ടുപോയിരുന്നതെന്നും അദ്ദേഹം അറിയിച്ചു.

സാന്താക്രൂസില്‍ നിന്നാണ് ചരക്കുമായി വിമാനം എത്തിയതെന്ന് വ്യോമസേന ജനറല്‍ സെർജിയോ ലോറ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരില്‍ രണ്ട് പേരെ കണ്ടെത്താനായിട്ടില്ല. മരിച്ചവർ വിമാനത്തിനുള്ളില്‍ ഉള്ളവരാണോ അതോ റോഡിലെ വാഹനങ്ങളില്‍ ഉണ്ടായിരുന്നവരാണോ എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. അപകടത്തെത്തുടർന്ന് എല്‍ ആള്‍ട്ടോ വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവച്ചു. സംഭവത്തില്‍ സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.