ഇറാൻ-അമേരിക്ക സമാധാന ചര്‍ച്ചകള്‍ വീണ്ടും പരാജയം; മേഖലയില്‍ യുദ്ധഭീതി വര്‍ധിക്കുന്നു

ഇറാൻ-അമേരിക്ക മൂന്നാം ഘട്ട സമാധാന ചർച്ചകള്‍ സമവായമില്ലാതെ പിരിഞ്ഞു. ഇതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി വർധിച്ചു.

ഒമാന്റെ മധ്യസ്ഥതയില്‍ നടന്ന ചർച്ചകളില്‍ “കാര്യമായ പുരോഗതി” ഉണ്ടായെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അർഗാച്ചിയും ഒമാനും പറയുന്നുണ്ടെങ്കിലും കരാർ സംബന്ധിച്ച്‌ അമേരിക്കയും ഇറാനും ധാരണയിലെത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ആണവപരീക്ഷണം പോലുള്ള അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായില്ലെന്നത് ചർച്ചയിലെ വലിയ തിരിച്ചടി. അടുത്ത ആഴ്ച വീണ്ടും ചർച്ചകള്‍ നടക്കുമെന്നാണ് വിവരം.

അമേരിക്കയും ഇറാനും തമ്മില്‍ ഏതുനിമിഷവും യുദ്ധമുണ്ടായേക്കാം എന്നതാണ് നിലവിലെ സാഹചര്യം. ഇത് വിപണിയേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചർച്ചകളുടെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും മേഖലയില്‍ സൈന്യത്തെ വിന്യസിക്കുന്നത് വിപണി ആശങ്കകള്‍ക്ക് കാരണമായി. തുടക്കത്തില്‍ കുതിച്ച സ്വർണവില ഇപ്പോള്‍ ലാഭമെടുപ്പിനെത്തുടർന്ന് താഴ്ന്നു.

അതേസമയം, യുഎസ് വ്യാപാര സമ്മർദ്ദം ശക്തമാക്കി. ഇറക്കുമതി തീരുവ 15% ആക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉടൻ ഒപ്പിടുമെന്ന് അമേരിക്കൻ വ്യാപാര പ്രതിനിധി ജമൈസണ്‍ ഗ്രീർ അറിയിച്ചു. നേരത്തെ 15% പ്രഖ്യാപിച്ചെങ്കിലും 10% മാത്രമാണ് നടപ്പാക്കിയത്. ഇത് രാജ്യാന്തര വ്യാപാരത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.