ന്യൂഡല്‍ഹി: നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമർശങ്ങള്‍ ഉള്‍പ്പെടുത്തിയ എൻ സി ഇ ആർ ടിയുടെ എട്ടാം ക്ലാസ്സിലെ സോഷ്യല്‍ സയൻസ് പാഠപുസ്തകം സുപ്രീം കോടതി നിരോധിച്ചു.
സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി, എൻ സി ഇ ആർ ടി ഡയറക്ടർ എന്നിവർക്ക് കോടതി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. കോടതി അലക്ഷ്യ നിയമപ്രകാരം ഇവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കരുത് എന്ന് വ്യക്തമാക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ എം പാഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം നടത്തിയ നീക്കമാണിതെന്ന് തെളിഞ്ഞാല്‍ ഇത് ക്രിമിനല്‍ കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന് കോടതി നിരീക്ഷിച്ചു.
വിവാദമായ ഉള്ളടക്കം അടങ്ങിയ പാഠപുസ്തകത്തിന്റെ അച്ചടിയും വിതരണവും ഡിജിറ്റല്‍ പ്രചാരണവും സുപ്രീം കോടതി പൂർണ്ണമായും നിരോധിച്ചു. വിപണിയിലുള്ള പുസ്തകങ്ങള്‍ കണ്ടുകെട്ടാനും ഡിജിറ്റല്‍ പതിപ്പുകള്‍ ഇന്റർനെറ്റില്‍ നിന്ന് നീക്കം ചെയ്യാനും കോടതി ഉത്തരവിട്ടു. ഈ പാഠപുസ്തകം ഉപയോഗിച്ച് വിദ്യാർത്ഥികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കരുതെന്നും സ്കൂള്‍ പ്രിൻസിപ്പല്‍മാർക്കും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കും നിർദ്ദേശം നല്‍കി. ഈ അധ്യായം തയ്യാറാക്കിയവരുടെ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്സും ഹാജരാക്കാൻ എൻ സി ഇ ആർ ടി ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടു.
നീതിപീഠത്തിന്റെ അന്തസ്സിനെ ഇടിച്ചുതാഴ്ത്താനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ വാക്കുകള്‍ സന്ദർഭത്തില്‍ നിന്ന് അടർത്തിമാറ്റി തെറ്റായി വ്യാഖ്യാനിച്ചതും ജഡ്ജിമാർക്കെതിരെയുള്ള പരാതികളെക്കുറിച്ച് തെറ്റായ ധാരണ നല്‍കുന്ന രീതിയില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതും കോടതി ചൂണ്ടിക്കാട്ടി. എൻ സി ഇ ആർ ടി ഡയറക്ടർ സുപ്രീം കോടതി സെക്രട്ടറി ജനറലിന് അയച്ച മറുപടി ധിക്കാരപരമാണെന്നും ബെഞ്ച് വിലയിരുത്തി.
എൻ സി ഇ ആർ ടി ഖേദം പ്രകടിപ്പിച്ചതായി സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത അറിയിച്ചെങ്കിലും പ്രസ്താവനയില്‍ ഒരിടത്തും മാപ്പപേക്ഷയില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുമെന്നും ഈ വിഷയം അത്ര എളുപ്പത്തില്‍ അവസാനിപ്പിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.



