237 കോടി രൂപ ജീവനക്കാര്‍ക്ക് നല്‍കി മുതലാളി, പറ്റുന്നത്രയും കാശ് വാരിയെടുക്കാം!

സ്വന്തം ജീവനക്കാരെ ചേർത്തുപിടിക്കുന്നതില്‍ ചൈനയിലെ ഒരു കമ്പനിയും അതിന്റെ ഉടമയും ലോകശ്രദ്ധ നേടുന്നു. ‘ഹെനാൻ കുവാങ്ഷാൻ ക്രെയിൻ’ എന്ന കമ്പനിയാണ് തങ്ങളുടെ ലാഭത്തിന്റെ ഭൂരിഭാഗവും ജീവനക്കാർക്ക് ബോണസായി നല്‍കിയത്.

കമ്പനിയുടെ വാർഷികാഘോഷത്തിനിടെ നടന്ന വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. 237 കോടി രൂപ (180 മില്യണ്‍ യുവാൻ), ഇതായിരുന്നു ആകെ വിതരണം ചെയ്ത ബോണസ് തുക.

സ്റ്റേജില്‍ അടുക്കിവെച്ചിരിക്കുന്ന നോട്ടുകെട്ടുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ എത്ര എണ്ണിയെടുക്കുന്നുവോ അത് ജീവനക്കാർക്ക് വീട്ടില്‍ കൊണ്ടുപോകാം എന്നതായിരുന്നു ഒരു മത്സരം. പലരും കൈകളില്‍ ഒതുങ്ങാത്തത്ര നോട്ടുകെട്ടുകളുമായാണ് സ്റ്റേജില്‍ നിന്നും മടങ്ങിയത്. 800 ഓളം വിരുന്നു മേശകള്‍ക്ക് ചുറ്റുമായി 7000 ജീവനക്കാരാണ് ഈ ആഘോഷത്തില്‍ പങ്കെടുത്തത്. കമ്പനിയുടെ ചെയർമാൻ കൂയി പെയ്ജുൻ ആണ് ഈ പണവിതരണത്തിന് പിന്നില്‍. ആഘോഷത്തിനിടെ ജീവനക്കാർക്ക് വാഷിംഗ് മെഷീൻ സമ്മാനമായി നല്‍കാനുള്ള പ്ലാൻ അദ്ദേഹം അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പകരം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, ‘എന്തിനാണ് വാഷിംഗ് മെഷീനുകള്‍ നല്‍കുന്നത്? സ്വർണ്ണവില കൂടിയത് കണ്ടോ? കഴിഞ്ഞ വർഷം ഞങ്ങള്‍ നെക്ലേസുകളും മോതിരങ്ങളുമാണ് നല്‍കിയത്. ഇത്തവണ എല്ലാവർക്കും 20,000 യുവാൻ വീതം അധികം നല്‍കൂ.’

കമ്പനിയുടെ 98 ശതമാനത്തിലധികം ഓഹരികളും കൂയിയുടെ പക്കലാണെങ്കിലും ലാഭത്തിന്റെ നല്ലൊരു പങ്ക് അദ്ദേഹം ജീവനക്കാർക്കായി മാറ്റിവെക്കുന്നു. 2025 -ല്‍ കമ്പനി ഉണ്ടാക്കിയ 270 മില്യണ്‍ യുവാൻ ലാഭത്തില്‍ 180 മില്യണും (ഏകദേശം 70%) അദ്ദേഹം ബോണസായി നല്‍കി. ‘പണം നല്‍കാൻ എനിക്ക് അത്ര മോഹമുണ്ടായിട്ടല്ല, മറിച്ച്‌ ഇന്നത്തെ യുവാക്കള്‍ കാർ ലോണും വീട് ലോണും കൊണ്ട് കഷ്ടപ്പെടുകയാണ്. അവർക്ക് ചെറിയൊരു ആശ്വാസം നല്‍കാൻ സാധിക്കുമെങ്കില്‍ അത്രയും നല്ലത്’ എന്ന കൂയിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ കൈയടികളോടെയാണ് സ്വീകരിച്ചത്.