പാലക്കാട്: റീമാ ബൈബിൾ കോളേജ് ആൻഡ് സെമിനാരിയുടെ പത്തൊമ്പതാമത് ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. പാസ്റ്റർ ഷിനു മാനുവലിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പാസ്റ്റർ ജസ്വിൻ ഏലീഷയുടെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. അധ്യാപകരായ ബാലകുമാർ, ജപശീല എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ വിശ്വനാഥ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

തുടർന്ന് നടന്ന വചനവായനയിൽ അധ്യാപകരായ അജീഷ്, എലിസർ ബൗ, ഭാസ്കർ വിക്ടോറിയ എന്നിവർ വിവിധ ഭാഷകളിൽ ബൈബിൾ ഭാഗങ്ങൾ (റോമർ 8:28) വായിച്ചു. ബിരുദം സ്വീകരിക്കുന്ന വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ജയ്ൻ തോമസ് പ്രസംഗിച്ചു. ‘ദൈവഹിതം സ്വീകരിക്കുക’ (Embracing God’s Plan) എന്ന വിഷയത്തെ ആസ്പദമാക്കി റവ. ടെറി പ്രകാശം മുഖ്യപ്രഭാഷണം നടത്തി.
അക്കാദമിക് ഡീൻ പാസ്റ്റർ അനീഷ് തോമസ് ബിരുദധാരികളെ സദസ്സിന് പരിചയപ്പെടുത്തി. പ്രിൻസിപ്പൽ പാസ്റ്റർ സാബു മത്തായി കാതേട്ട് 47 വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ കൈമാറി. പാസ്റ്റർ ബ്ലെസ്സൺ എബ്രഹാം 17 വിദ്യാർത്ഥികൾക്ക് ബി.എസ്.എസ് (BSS) അംഗീകാരമുള്ള നഴ്സിംഗ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പാസ്റ്റർ വസന്ത് ബിരുദധാരികൾക്കായി സമർപ്പണ പ്രാർത്ഥന നടത്തി.

വിവിധ മേഖലകളിൽ നിന്നുള്ള പാസ്റ്റർമാർ ചടങ്ങിൽ ആശംസകൾ നേർന്നു. അധ്യാപിക സോഫിയ ജേക്കബ് നന്ദിയും പാസ്റ്റർ ലൂക്ക പ്രാർത്ഥനയും ആശീർവാദവും അറിയിച്ചു. കോളേജിലെ അടുത്ത അധ്യയന വർഷം 2026 ജൂൺ 1-ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.



