
ബോവസ് പനമട
കാസർഗോഡ്
സ്തോത്രകാഴ്ച്ച, ദശാംശം, സ്വമേധധാനം, ഓഹരി, പിരിവ്, സംഭാവന, ഇതെല്ലാം ആദ്യകാലം മുതൽ സഭകളിൽ ഉണ്ടായിരുന്നു. ഉള്ളത് പോലെ, അതെല്ലാം ദൈവജനം കെടുത്തും പോന്നു. ഈ വിഷയം സംബന്ധിച്ച് ആർക്കും കാര്യമായ പരാതികളോ, തർക്കങ്ങളോ, ഈ വിഷയത്തിലുള്ള ദൈവശാസ്ത്ര വിശദീകരണങ്ങളോ ഒന്നും തന്നെ, ആ കാലത്ത് ഉണ്ടായിരുന്നില്ല.
എന്നാലിപ്പോൾ എങ്ങനെ, മനുഷ്യനെ കൊള്ളയടിച്ച്, സുഖിച്ചു ജീവിക്കാം എന്ന് ചിന്തിക്കുന്ന, ഒരുപറ്റം കള്ളനാണയങ്ങൾ, സഭയിൽ കടന്നു കൂടി, പണ സമ്പാദിക്കാനുള്ള കച്ചവടമാക്കി, ആത്മീക ലോകത്തെ അവരെല്ലാം ചേർന്ന്, മാറ്റി നട്ടിരിക്കുന്ന, ദയനീയമായ കാഴ്ച്ചയാണ് ഇന്നുള്ളത്.
ഇതിൻ്റെ എല്ലാം ഇടയിൽ കൂടി, ഞാൻ ഒന്നു തിരിച്ചു നടന്നു.
കാലം എത്ര കടന്നുപോയി, ഇതിനിടയിൽ എത്രയോ പാത്രങ്ങളും, കഥാപാത്രങ്ങളേയും കണ്ടു.
വടക്കെ മലബാറിലെ , മലയോര കാർഷീക ഗ്രാമങ്ങളിൽ മാത്രം, സുവിശേഷ പ്രവർത്തനങ്ങൾ നടത്തിവന്ന, സാധുവായ ഒരു ഉപദേശിയുടെ ആറ് മക്കളിൽ, ഒരുവനായി ജനിച്ച്, ദാരിദ്ര്യം നരച്ചു കിടക്കുന്ന, ഇടുങ്ങിയ പാസ്നേജുകളിൽ, താമസിച്ചു വന്ന കഴിഞ്ഞ കാലങ്ങളെ, ഒരിക്കൽ കൂടി ഓർക്കുമ്പോൾ, മനസിൽ പഴയ ആ സ്തോത്രകാഴ്ച്ച പാത്രം, വീണ്ടും തെളിഞ്ഞുവരുന്നു.
തിരുവത്താഴത്തിന് ഉപയോഗിക്കുന്ന, പാത്രങ്ങൾ വളരെ പരിപാവനതയോടെ ആയിരുന്നു, ആ കാലത്ത് സൂക്ഷിച്ചിരുന്നത്.
എന്നാൽ മേശയുടെ അടിയിൽ, പെട്ടന്ന് എടുക്കാനുള്ള പരുവത്തിനാണ്, സ്തോത്രകാഴ്ച്ച പാത്രത്തിൻ്റെ സ്ഥാനം.
വക്ക് പൊട്ടിയ, ഒരു വെള്ള കിണ്ണം, അതായിരുന്നു എൻ്റെ ഓർമ്മയിലെ ആദ്യ കാണിക്ക പാത്രം,
ഞാൻ ആ പാത്രത്തിലേക്ക് നോക്കി, ഏറെ നേരം ഇരുന്നു. വനവാസത്തിന് പോയ പാണ്ഡവർക്ക്, സൂര്യൻ ഒരു പാത്രം കൊടുത്തു പോലും. ഉള്ള ആഹാരത്തെ, ആവശ്യാനുസരണം വർദ്ധിപ്പിച്ചു കൊടുക്കുന്ന, അക്ഷയപാത്രം. ഏതാണ്ട് അതുപോലെ, ഞങ്ങളുടെയും അക്ഷയപാത്രം ആയിരുന്നു ഇത്.
വിശപ്പിൻ്റെ വിളി അധികം ആകുമ്പോൾ, ഞങ്ങളെല്ലാം, അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു വലി തുടങ്ങും, കരച്ചില് കുറച്ചു കഴിയുമ്പോൾ, നിലവിളിയായി മാറും. കരഞ്ഞു തളർന്ന്, ഒടുവിൽ മയങ്ങി ഉറങ്ങുന്ന, മക്കളെ നോക്കി, കണ്ണുനീരോടെ പ്രാർത്ഥിക്കുക മാത്രം ചെയ്യുന്ന, ഒരു മാതാവിൻ്റെ മുഖം, നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ?
ചെറുപ്പത്തിൽ ഞങ്ങള് അമ്മയോട് പറയും. ‘ചാച്ചനോട് പറഞ്ഞു ഒരു പ്രാർത്ഥനയങ്ങ് വയ്ക്കാം. എന്നിട്ട്, പാട്ട് പാടി സ്തോത്രകാഴ്ച്ച എടുക്കമല്ലോ. എന്നിട്ട് അതുകൊണ്ട് അരി വാങ്ങാലോ !’ അല്ലാതെ ആഹാരത്തിന് മറ്റൊരു വഴിയും കുഞ്ഞുങ്ങളായിരുന്ന ഞങ്ങൾക്ക് അറിയില്ലായിരുന്നു.
അതുകൊണ്ടുതന്നെ, പട്ടിണിയെ കെട്ടിപ്പിടിച്ചു ഉറങ്ങിയിരുന്ന, ആ കാലത്ത്, എത്രയും പെട്ടന്ന് ഞായറാഴ്ച്ച സഭായോഗം വരാൻ, കാത്തിരുന്ന ഒരു ബാല്യം, ഞാൻ അടക്കമുള്ള എൻ്റെ സഹോദരന്മാർക്ക് ഉണ്ടായിരുന്നു.
ഇനി എല്ലാവർക്കും ഏഴുന്നേറ്റ് നിന്ന് പാട്ട് പാടി സ്തോത്രകാഴ്ച്ച എടുക്കാം, എന്ന് പറഞ്ഞിട്ട് ,മേശ കീഴെ നിന്നും, ചാച്ചൻ പാത്രം എടുത്ത് മേശപ്പുറത്ത് വയ്ക്കുന്നു.
പാട്ട് തുടങ്ങുന്നതോടെ, സ്ഥിരമായി അരങ്ങേറുന്ന ചില കലാ പരിപാടികൾ ഉണ്ട്. അതിലൊന്ന്, സ്തോത്രകാഴ്ച്ച ഇടാൻ ഇല്ലാത്തവർക്ക് എല്ലാം കൂടി, ഒരേ സമയത്ത് ഉണ്ടാകുന്ന മൂത്രശങ്കയാണ്. ചമ്മലും അതിലേറെ ദുഃഖവും, കടിച്ചമർത്തി, മുഖവും കുനിച്ച്, അവരെല്ലാം പതുക്കെ പുറത്തിറങ്ങുന്നു.
പത്ത് മക്കളുള്ള ഒരു പിതാവിനെ ഓർക്കുന്നു. അവർക്ക് ഇടാനുള്ള പൈസ, അച്ചായൻ വീട്ടിൽ നിന്നും കൊടുക്കില്ല.
പാട്ട് തുടങ്ങിയാൽ ഉടനെ, മക്കൾ എല്ലാം, താറാവുകൾ, തീറ്റ ഇട്ടു കൊടുക്കുന്ന ആളുടെ, ചുറ്റും കൂടി നിൽക്കുന്നതു പോലെ, അച്ചായൻ്റെ ചുറ്റിലും കൂടും. ഓരോരുത്തരുടെയും പ്രായത്തിന് അനുസരിച്ച്, ഒരു പടി അച്ചായൻ നിശ്ചയിച്ചിട്ടുണ്ട്. അത് കൊടുക്കുന്നു.എല്ലാ വിശുദ്ധ ദിവസങ്ങളിലും ഇത് പതിവാണ്.
ഈ സമയം മേശപ്പുറത്ത് ഇരിക്കുന്ന പാത്രത്തിൽ പൈസായും. മേശക്ക് കീഴിൽ പല സഞ്ചികളിലായി പിടിയരിയും നിരന്നു കഴിയും.
ആ കാലത്ത്, പിടിയരിക്ക് പുറമേ പയറ്, വെണ്ട, വഴുതന, മത്തൻ ചേന, ചേമ്പ്, കാച്ചിൽ, കപ്പ,തേങ്ങ, മാങ്ങ തുടങ്ങി സീസൺ അനുസരിച്ച്, പറമ്പിൽ വിളയുന്ന എല്ലാം പച്ചക്കറികളും, കോഴിമുട്ട അടക്കമുള്ള ഭക്ഷ്യവസ്തുക്കളും, മേശയ്ക്ക് കീഴിൽ നിരന്ന് ഇരിക്കുന്നത് കണ്ടാൽ, പള്ളി പലചരക്ക് കടയായോ എന്ന് തോന്നിപ്പോകും.
ഒരു കൈയിൽ, മാറോട് ചേർത്ത് പിടിച്ച വേദപുസ്തകവും, മറുകൈയിൽ, എത്രത്തോളം ചുരുട്ടാൻ പറ്റുമോ? , അത്രയും ചുരുട്ടിയ ഒരു രൂപ നോട്ടും, രണ്ടു മുട്ടയും പിടിച്ചാണ്, പ്രായമുള്ള ഒരു അമ്മച്ചിയുടെ വരവ്. ഒരിക്കൽ ആ അമ്മച്ചി, കൊണ്ടു വച്ച മുട്ടയുടെ പുറത്ത്, ആരോ ചേന കൊണ്ടു വച്ച്, മുട്ട പൊട്ടി, സഭ യോഗം കഴിഞ്ഞു, മുട്ടയുടെ പേരിൽ പള്ളി മുറ്റത്ത് അരങ്ങേറിയ മുട്ടൻ ലഹള ഇന്നും ഒളി മങ്ങാത്ത ഓർമ്മകളാണ്.
അമ്പത് പൈസ തൊട്ട് പരമാവധി അമ്പത് രൂപ വരെയാണ് കാണിക്ക ഇടുന്നത്. കൂടുതലും ചില്ലറ നാണയങ്ങൾ. പിന്നെ, രണ്ട്, അഞ്ച്, പത്ത്, ഒന്നോ രണ്ടോ ഇരുപത്.
ഒരു സഭയിൽ, സ്ഥിരമായി അമ്പത് രൂപ ഇടുന്ന ഒരു അച്ചായൻ ഉണ്ടായിരുന്നു. രാവിലെ വെള്ള ഷർട്ട് തേക്കുന്ന കൂട്ടത്തിൽ, സ്തോത്രകാഴ്ച്ച ഇടാൻ കരുതി വച്ചിരിക്കുന്ന അമ്പതിൻ്റെ നോട്ടും, തേച്ച് വൃത്തിയാക്കി, ഒട്ടും മടക്കാതെ പേഴ്സിൽ വയ്ക്കുന്നു. എല്ലാവരും ഇട്ട് കഴിഞ്ഞു എന്ന്, ഉറപ്പുവരുത്തിയതിന് ശേഷം മാത്രം, വടിവൊത്ത നോട്ട് നിവർത്തി പിടിച്ചു, കാണിക്ക പാത്രത്തിൽ, ചിതറി കിടക്കുന്ന എല്ലാം നോട്ടുകൾക്ക് മുകളിലായി, ആ അമ്പത് രൂപ നോട്ട്, സാവധാനം നിവർത്തി വെയ്ക്കുന്നു., അതിൻ്റെ മുകളിൽ, പിന്നെ ആരും, പൈസ ഇടാൻ പാടില്ല, എന്നൊരു അലിഖിത നിയമം, ആ സഭയിൽ ഉണ്ടായിരുന്നു.
നൂറ്റമ്പത് രൂപ വരെയാണ്, സാധാരണ സ്തോത്രകാഴ്ച്ച ഉണ്ടാക്കുക. ചാച്ചൻ ഒന്നുകൂടി എണ്ണുമെങ്കിലും. ഞാനാണ് സ്ഥിരം നോട്ടെണ്ണൽ മിഷ്യൻ .
ആലംമ്പഹീനരും വിധവമാരും നിത്യരോഗികളും, എല്ലാം സഭകളിലും ഉണ്ടാകും. അവർക്കെല്ലാം, സ്തോത്രകാഴ്ച്ച തുക , വീതിച്ചു കൊടുക്കുന്നതാണ്, ചാച്ചൻ്റെ ഒരു രീതി. ബാക്കി വരുന്ന നാണയങ്ങളാണ് ഞങ്ങൾക്കുള്ളത്.
സ്തോത്രകാഴ്ച്ച ഒരു തരത്തിൽ പറഞ്ഞാൻ, ഒരു നിക്ഷേപമാണ്. തലമുറകളുടെ നന്മക്കും അനുഗ്രഹത്തിനും വേണ്ടി, ഇല്ലായ്മകളുടെ നടുവിലും, ഒരു കൂട്ടം ആളുകൾ കൂട്ടിവെയ്ക്കുന്ന ഡിപ്പോസിറ്റ്’.
വിശ്വാസികളുടെ വീടുകളിൽ, കഞ്ഞിവെയ്ക്കാൻ അരി അളന്ന് എടുക്കുമ്പോൾ, എല്ലാ പ്രാവശ്യവും, അതിൽ നിന്നും, ഒരു പിടി അരി എടുത്ത്, ഒരു പാത്രത്തിൽ ഇട്ടു മാറ്റി വെയ്ക്കുന്നു. ഒരാഴ്ച്ച തികയുമ്പോൾ, അത് തൂത്തുവാരി ഒരു ചെറിയ സഞ്ചിയിൽ ഇട്ടു, ഞായറാഴ്ച്ച പള്ളിയിൽ കൊണ്ടുവരുന്നു, അതിനെയാണ് പിടിയരി എന്ന് പറയുന്നത്. (2K കുട്ടികളുടെ അറിവിലേക്ക് പറഞ്ഞതാണ്).
ഇങ്ങനെ, പല ഭവനങ്ങളിൽ നിന്നും വരുന്ന , പലതരം അരികൾ അമ്മച്ചി ഒരു കലത്തിലേക്ക് കുടഞ്ഞിട്ടിട്ട്, സഞ്ചി തിരികെ കൊടുക്കുന്നു.
ഇങ്ങനെ പല അരികൾ ഒന്നിച്ചിട്ട് വേവിക്കുന്ന, കഞ്ഞിയായിരുന്നു ആ കാലത്തെ ഞങ്ങളുടെ പ്രധാന ആഹാരം.
ഏതാണ്ട് ഒരു ബുധനാഴ്ച്ച ആകുമ്പോഴേയ്ക്കും, പിടിയരിക്കലം കാലിയാകും. പിന്നെ അടുത്ത ഞായറാഴ്ച്ച വരെ, വിശ്വാസ ജീവിതം ആയിരിക്കും
ആ കാലങ്ങളിൽ കടയിൽ നിന്നും വാങ്ങിയിരുന്ന സാധനങ്ങളുടെ ലിസ്റ്റ് ഏതാണ്ട് ഇങ്ങനെയായിരുന്നു.
അരി – 2 kg, വെളിച്ചെണ്ണ -100 ഗ്രാം, കടുക് – 50″, മുള്ളൻ – 150, പച്ചമുളക്- 50, മുളക് പൊടി -50, മല്ലിപൊടി -50
ഇതെല്ലാം വാങ്ങാൻ പോകുന്ന ഞാൻ, വായനശാലയിൽ കയറി ഇരിക്കും. അന്ന് അവിടെ TV ഉണ്ടായിരുന്നു.
സിനിമ കണ്ട് സമയം പോകുന്നത് അറിയില്ല. പിന്നെ ഒരു തരത്തിൽ സാധനങ്ങളും വാങ്ങി വീട്ടിലേക്ക് ഒരോട്ടമാണ്, ചാച്ചൻ വടിയുമായി കാത്തു നിൽപ്പുണ്ടാകും, ഉപദേശിയുടെ മകനല്ലെ, ഒരു കാരണവശാലും, സിനിമ, TV ഇതൊന്നും കാണാൻ പാടില്ല.
ഇനി ഞാൻ എങ്ങനെ വിശ്വാസികളെ ഉപദേശിക്കും എന്നു പറഞ്ഞാണ്, അടിയുടെ പൊടിപൂരം .
വളരുന്നതിന് അനുസരിച്ചു, മനോഭാവങ്ങളിൽ മാറ്റങ്ങൾ വന്നു. ഞങ്ങളുടെ സ്തോത്രകാഴ്ച്ച പണം കൊണ്ട് അല്ലേടാ, നിയൊക്കെ ജീവിക്കുന്നത് എന്ന അർത്ഥത്തിൽ, പലരുടെയും പെരുമാറ്റവും, പരിഹാസവും. ഇതെല്ലാം. ഒരു പാസ്റ്ററുടെ മകനെ പിടിച്ചുലയ്ക്കുന്നു. മാനസീകമായി തകരുന്ന അവരിൽ പലരും, പിന്നീട് പിൻമാറി പോകുന്നു. ഞാൻ മനസിലാക്കിയ ഒരു സത്യം പറയാം. ശുശ്രൂഷകന്മാരുടെ മക്കൾ പിൻമാറി പോയാലും, പിന്നീട് മടങ്ങിവരുന്ന അവർ, ശക്തമായ നിലയിൽ, ദൈവരാജ്യത്തിന് പ്രയോജനപ്പെടുന്നവരായി മാറുന്നു.
പിടിയരി കഞ്ഞിയുടെ രുചിയും, സ്തോത്രകാഴ്ച്ച പാത്രത്തിൽ വീഴുന്ന നാണയത്തുട്ടുകളും, അതുകൊണ്ട് ഉപജീവനം കഴിച്ച, കഴിഞ്ഞ കാലങ്ങളും, ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളാണ്.
അടുത്ത തലമുറയ്ക്ക്., സ്തോത്രകാഴ്ച്ച പാത്രം ഓർമ്മയായി മാറും.
ശാസ്ത്രം പുരോഗമിച്ചു കൊണ്ടിരിക്കുന്ന, ഈ ഡിജിറ്റൽ യുഗത്തിൽ, സ്തോത്രകാഴ്ച്ച പാത്രങ്ങൾ, പള്ളികളിൽ നിന്നും പൂർണ്ണമായും അപ്രത്യക്ഷമാകും.



