എന്‍ജിന് തീപിടിച്ചു; ഡല്‍ഹി – ലേ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് പോവുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനം എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി.

വിമാനത്തിലുണ്ടായിരുന്ന 150-ഓളം യാത്രക്കാരും സുരക്ഷിതരാണ്. സ്‌പൈസ്‌ജെറ്റിന്റെ ബോയിംഗ് 737 (ഫ്‌ലൈറ്റ് നമ്പര്‍ SG121). വിമാനത്തിലാണ് തകരാര്‍ സംഭവിച്ചത്.

പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്നില്‍ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടു. വിമാനം ആകാശത്തേക്ക് ഉയരുന്നതിനിടെ രണ്ടാമത്തെ എന്‍ജിനില്‍ നിന്ന് തീപ്പൊരിയും പുകയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

തകരാര്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പൈലറ്റ് വിമാനം തിരിച്ചുവിടാന്‍ തീരുമാനിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ ഡല്‍ഹിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചു.

സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം തിരിച്ചിറക്കിയതെന്ന് സ്‌പൈസ് ജെറ്റ് വക്താവ് സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും യാത്രക്കാര്‍ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ലെന്നും കമ്ബനി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.

വിമാനം നിലവില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. എന്‍ജിനുള്ളില്‍ പക്ഷികള്‍ ഇടിച്ചതാണോ അതോ മെക്കാനിക്കല്‍ തകരാറാണോ എന്ന കാര്യം ഡിജിസിഎ അന്വേഷിക്കും.