വിശുദ്ധ വിശ്വാസവും തുപ്പൽ കോളാമ്പിയിലെ സുവിശേഷവും..

പാസ്റ്റർ ബൈജു ജോർജ്
ഫോൺ : 95446 81705

പുതിയ നിയമത്തിലെ അവസാന പുസ്തകമായ യൂദയുടെ ലേഖനത്തിനു ഇന്നത്തെ സഭാ കാലഘട്ടത്തിൽ വളരെ പ്രസക്തിയുണ്ട്. വിശ്വാസത്തിനു വേണ്ടി പോരാടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാൻ എഴുതി. (യൂദാ 3)

പോരാടുക എന്ന ഗ്രീക്ക് പദത്തിന് യുദ്ധക്കളത്തിലെ പോരാട്ടം ആണ് അർത്ഥമാക്കുന്നത്. (എഫെ 6:11)

ജഡപ്രകാരം നമുക്ക് പോരാട്ടം ഇല്ല എന്ന് ബൈബിൾ പഠിപ്പിക്കുന്നു. സാത്താന്യ ശക്തികളോടാണ് നാം (സഭ )യുദ്ധം ചെയ്യേണ്ടത്.

എന്നാൽ അത് സമൂഹത്തിലും സഭയിലും നടക്കുന്ന തിന്മകളെയും മൂല്യച്യുതികളെയും എതിർക്കരുത് എന്ന് വരുന്നില്ല. ചിലർ കരുതുന്നത് എന്നാ തിന്മകൾ കണ്ടാലും ഒന്നും പ്രതികരിക്കേണ്ട പ്രാർത്ഥിച്ചാൽ മതി എന്നതാണ്.

പ്രാർത്ഥിക്കണം എന്നത് ശരി തന്നെ പക്ഷേ സഭയ്ക്കുള്ളിൽ ഉടലെടുക്കുന്ന ദൈവവചന വിരുദ്ധമായ ഉപദേശങ്ങളെയും പ്രവർത്തനങ്ങളെയും തിരുത്തുവാനും എതിർക്കുവാനും ഓരോ വിശ്വാസിക്കും ഉത്തരവാദിത്തമുണ്ട്.

എന്നാൽ അത് വടിയും വാളും എടുത്തുകൊണ്ടോ ചീത്തവിളിച്ചും തെറിവിളിച്ചും കൊണ്ടോ അല്ല, ദൈവിക വിശുദ്ധിയിൽ നിന്നുകൊണ്ട് ആത്മിക അധികാരത്തോടെ തിരുത്തുവാൻ കഴിയണം.
കൊരിന്തു സഭയിൽ അപ്പന്റെ ഭാര്യയെ (രണ്ടാനമ്മയെ) വച്ചുകൊണ്ടിരുന്ന ഒരു വിശ്വാസി ഉണ്ടായിരുന്നു. 1കോരി 5:1-4)

പൗലോസ് ചോദിക്കുന്നു ഈ ദുഷ്കർമ്മം ചെയ്ത വ്യക്തിയെ സഭയിൽ നിന്ന് പുറത്താക്കാൻ നിങ്ങൾക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്നു പറഞ്ഞ് അവരെ ശാസിക്കുകയാണ് ചെയ്യുന്നത്. അതായത് ഇത്രയും വൃത്തികെട്ട നടപടി സഭയിൽ ഒരുവന്റെ ഭാഗത്ത് ഉണ്ടായിട്ടും ആരും പ്രതികരിക്കാതെ മൗനമായിരിക്കുന്നതിനെയാണ് പൗലോസ് ചോദ്യം ചെയ്തത്. നിങ്ങൾക്ക് ലജ്ജയില്ലേ എന്നാണ് പൗലോസ് ചോദിക്കുന്നത്.

ഇത് ദൈവവചനത്തിന്റെ ഉപദേശമാണ് പാപത്തെ അതിന്റെ ഗൗരവം കുറച്ചു കാണരുത്. അങ്ങനെ കണ്ടാൽ അത് മറ്റുള്ളവർക്കും പാപം ചെയ്യാൻ പ്രേരണയാകും. (1കോരി 5:6)
കുറച്ചു മാവു മതി പിണ്ഡം മുഴുവൻ പുളിപ്പിക്കാൻ.

ഇന്നത്തെ സഭ കാലഘട്ടത്തിൽ വിശ്വാസത്തിനു വേണ്ടി പോരാടുക എന്ന് പറയുമ്പോൾ വിശ്വാസം എന്നത് വിശുദ്ധിയുടെ ആധാരമാണ്. നമുക്ക് ലഭിച്ചത് അതിവിശുദ്ധ വിശ്വാസമാണ് (most holy faith യൂദാ 20 )

അതുകൊണ്ടുതന്നെ ദൈവസഭയുടെ നേതൃത്വം മുതൽ തിരുത്തലുകൾ ആവശ്യമായി വരുന്നു.

സഭയുടെ അധ്യക്ഷൻ ലീഡർ എങ്ങനെയുള്ളവനായിരിക്കണം എന്ന് തിരുവെഴുത്ത് പഠിപ്പിക്കുന്നു.
” എന്നാൽ അധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർഥനും ആയിരിക്കേണം. മദ്യപ്രിയനും തല്ലുകാരനും അരുത്; ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. 1 തിമൊഥെയൊസ് 3:2-4″

ഇങ്ങനെയുള്ളവർ ആയിരിക്കണമെന്ന് ബൈബിൾ പറയുമ്പോൾ ഇന്ന് ക്രിമിനൽ കേസിൽ പ്രതിചേർക്കപ്പെട്ടവരും കലഹക്കാരും തല്ലുകാരും, സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്നവരും, അസഭ്യം പറയുന്നവരും അധ്യക്ഷ സ്ഥാനത്ത് ഇരിക്കുമ്പോൾ പൗലോസിന്റെ ഭാഷയിൽ ചോദിക്കുന്നു നിങ്ങൾക്ക് ലജ്ജയില്ലേ. എന്തുകൊണ്ട് ഇവരെയൊക്കെ പുറത്താക്കാൻ മടിക്കുന്നു.

ദൈവ സഭയോടുള്ള ബന്ധത്തിൽ പിന്നെയും വേദപുസ്തകം പറയുന്നത് ഒരു വലിയ വീട്ടിൽ ഒന്നും വെള്ളയും മണ്ണും മരംകൊണ്ടുള്ള സാധനങ്ങൾ ഉണ്ടാകും. എന്നാൽ ദൈവസഭയാകുന്ന വീട്ടിലെ പാത്രങ്ങളുടെ വില നിർണയിക്കുന്നത് പാത്രം ഉടമസ്ഥന് ഉപയോഗത്തിന് കൊള്ളാവുന്ന വിശുദ്ധ പാത്രം ആണോ എന്നതാണ്. ( 2തിമോ 2:20-21).

അധികാര കസേരയിൽ ഇരിക്കുന്നത് സ്വർണപ്പാത്രമാണെങ്കിലും ദൈവം നോക്കുന്നത് വിശുദ്ധമാണോ എന്നതാണ്. കാരണം സ്വർണ്ണ കോളാമ്പിയിൽ പാൽപ്പായസം കൊടുത്താലും ആരും കുടിക്കുകയില്ലല്ലോ. തുപ്പൽ കോളാമ്പിയിലെ സുവിശേഷം അംഗീകരിക്കപ്പെടുകയില്ല.

സാത്താനെ ശക്തികൾക്കെതിരായി ആത്മീയ യുദ്ധം നടത്തുമ്പോഴും അത് ആർമികതകളെയും അനീതികളെയും എതിർക്കുവാനും നീക്കുവാനും സഭയ്ക്ക് ഉത്തരവാദിത്വം ഉണ്ട്.
എന്നാൽ സഭ ഇത് തിരിച്ചറിയാതെ പോകുന്നു. കാരണം മലിനവും നിർമ്മലവും
തിരിച്ചറിയേണ്ടതിന് അവരെ പഠിപ്പിക്കുന്നില്ല.

“അവർ വിശുദ്ധമായതിനും സാമാന്യമായതിനും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന് ഉപദേശിച്ച്, മലിനമായതും നിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.
യെഹെസ്കേൽ 44:23″

പുരോഹിതന്റെ ഉത്തരവാദിത്തമാണ് വിശുദ്ധവും സാമാന്യവും തമ്മിലുള്ള വ്യത്യാസം ഉപദേശിക്കേണ്ടത്.

വിശുദ്ധം എന്നാൽ പ്രത്യേക കാര്യത്തിന് മാറ്റിവച്ചത് എന്നും സാമാന്യം എന്നാൽ പൊതുവായ ആവശ്യത്തിന് ഉള്ളത് എന്നും അർത്ഥം.

സഭയും വിശ്വാസിയും വിശുദ്ധമാണ്. ദൈവിക കാര്യങ്ങൾക്ക് വേണ്ടി മാറ്റപ്പെട്ടവരാണ് അവർ. അവർ സാധാരണക്കാരല്ല. അവരെ സാധാരണക്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ദൈവവചന ഉപദേശങ്ങളാണ് ( ആവർത്തനം 4:5-6)

ഒരു സാധാരണ പാത്രം എല്ലാ ആവശ്യങ്ങൾക്ക് വേണ്ടി(general purpose )ഉപയോഗിക്കുമ്പോൾ വിശുദ്ധ പാത്രം ( special purpose of god ) ദൈവിക പ്രമാണങ്ങൾ വിട്ടുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെടരുത്.
അത് ദൈവ കോപത്തിന് ഇടവരുത്തും.

ബെൽശസര്‍ രാജാവ് ദേവാലയത്തിലെ വിശുദ്ധ പാത്രങ്ങളെ തന്റെ ഭാര്യമാർക്കും വെപ്പാട്ടികൾക്കും വീഞ്ഞു കൊടുക്കാൻ ഉപയോഗിച്ചപ്പോൾ അവന്റെ ഏപ്പുകൾ ഇളകുന്ന ദൈവകരത്തിന്റെ എഴുത്ത് പ്രത്യക്ഷപ്പെട്ടു. അവനെ രാജ്യ സ്ഥാനത്തുനിന്ന് ആ രാത്രിയിൽ തന്നെ നീക്കി (ദാനിയൽ 5 :1-4, 30)

ദേവാലയത്തിലെ അശുദ്ധി കണ്ട് സഭയുടെ നാഥനായ യേശു ചാട്ടവാർ എടുത്തു പുറത്താക്കി( യോഹന്നാൻ 2:13-16)

വെളിപ്പാട് പുസ്തകത്തിലെ അഞ്ച് സഭകളോടും മാനസാന്തരപ്പെടാഞ്ഞാൽ ശിക്ഷിക്കുമെന്ന് വ്യക്തമായി ദൂത് പറയുമ്പോൾ സഭ തിരിച്ചറിയട്ടെ.

സഭയുടെ നാഥൻ ആഗ്രഹിക്കുന്നത് എന്തെന്ന് .ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ സഭയ്ക്കുള്ളിൽ കടക്കുമെന്ന് പൗലോസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നല്ലോ (അപ്പൊ 20:29).

സത്യവും, അസത്യവും നീതിയും, അനീതിയും ഇരുളും, വെളിച്ചവും തിരിച്ചറിഞ്ഞ് സഭയെ ശുദ്ധീകരിക്കാം കർത്താവിന്റെ വരവിനായി ഒരുങ്ങാം.