‘സ്വാതന്ത്ര്യത്തിനു വേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല’; വിവാദ പരാമർശവുമായി പി.സി. ജോർജ്

കോട്ടയം: രാഷ്ട്രപിതാവിനെ അവഹേളിച്ച് ബിജെപി നേതാവ് പി.സി. ജോർജ്. സ്വാതന്ത്ര്യത്തിനു വേണ്ടി ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ലെന്നാണ് പി.സി. ജോർജ് പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം.

“മഹാത്മാ ഗാന്ധി എന്താ ദൈവമാണോ? ബ്രിട്ടീഷുകാർ ഭരിച്ചിട്ട് ഒന്നും കിട്ടാഞ്ഞിട്ട് ഇട്ടിട്ട് പോയതാണ്. അതിനെ ഉടനെ ഗാന്ധി സമരം ചെയ്ത് ഉണ്ടാക്കിയതാണെന്ന് മണ്ടത്തരം പറയുന്നു. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. എപ്പഴാ വന്നേ. ആഫ്രിക്കയിൽ ചെന്ന് ചവിട്ടു മേടിച്ചിട്ടുണ്ട്, ഇവിടെ ആരും ചവിട്ടിയിട്ടില്ല.

ഇവിടെ 2 പെൺകൊച്ചുങ്ങളുടെ തോളിൽ കൈയിട്ട് പോയതല്ലാതെ ആരും പുള്ളിയെ ഉപദ്രവിച്ചിട്ടില്ല. ഉപ്പു സത്യാഗ്രഹം നടത്തിയാണോ ബ്രിട്ടീഷുകാർ ഇട്ടേച്ചുപോയത്. ബ്രിട്ടീഷുകാർക്ക് വേണ്ടാത്തോണ്ട് ഇട്ടിട്ട് പോയതാണ്.”- പി.സി. ജോർജ് പറഞ്ഞു.

അതേസമയം, ഗാന്ധിജിയെ പി.സി ജോര്‍ജ് അവഹേളിച്ചെന്നു ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് വസന്ത് തെങ്ങുംപള്ളി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. സമീപകാലത്ത് നല്‍കിയ അഭിമുഖത്തിലാണ് അവഹേളനം എന്നു പരാതിയില്‍ പറയുന്നുണ്ട്. പ്രസ്താവന ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. പരാതി പോലീസ് പരിശോധിച്ചു വരികയാണ്.

നിയമസഭ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് പൂഞ്ഞാറില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും. കഴിഞ്ഞ ദിവസം പിസി ജോര്‍ജുമായി ബിജെപിയുടെ ദേശീയ നേതാക്കളടക്കം ബന്ധപ്പെട്ടിരുന്നു. മത്സരിക്കണമെന്ന ആവശ്യത്തോട് പി സി ജോര്‍ജും അനുകൂലമായ നിലപാട് നേതൃത്വത്തെ അറിയിച്ചത്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികില്‍ തന്നെ പിസി ജോര്‍ജ് ഇടംപിടിക്കുമെന്നാണ് ലഭിക്കുന്ന വിവരം.